മാനവ സമൂഹം നിസംഗത വെടിയണം: ആർച്ച്ബിഷപ് ഡോ. ചക്കാലക്കൽ
1595553
Monday, September 29, 2025 1:13 AM IST
മാഹി: സമൂഹം നിസംഗത വെടിയണമെന്നും മറ്റുള്ളവരെ അവഗണിക്കരുതെന്നും കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. മാഹി സെന്റ് തെരേസാ ബസലിക്കയിലെ നിത്യാരാധന ചാപ്പൽ വെഞ്ചരിപ്പിനോടനുബന്ധിച്ചുള്ള സമൂഹദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എല്ലാവരേയും ചേർത്തുപിടിച്ച് ജീവിക്കണം. നമ്മുടെ പ്രവർത്തനമാണ് സ്വർഗവും നരകവും പണിയുന്നത്. ജീവിതയാത്രയിൽ എല്ലാവരും ജയിക്കണം. ആരും തോൽക്കരുത്. അതിന് നിസംഗത വെടിഞ്ഞ് കൂട്ടായ്മയോടെയും ഐക്യത്തോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
തുടർന്ന് കോഴിക്കോട് ആർച്ച്ബിഷപ്പായി സ്ഥാനമേറ്റ ഡോ. വർഗീസ് ചക്കാലക്കലിനെ അനുമോദിക്കാൻ യോഗം ചേർന്നു. അഴിയൂർ പഞ്ചായത്തിൽ മികച്ച ജൈവകർഷകനായി തെരഞ്ഞെടുത്ത ജോസ് പുളിക്കൽ, 16 വർഷമായി ബസിലിക്ക ക്ലോക്ക് പരിചരിക്കുന്ന ബാലകൃഷ്ണൻ, കാൻസർ ചികിത്സാ സഹായ ഫണ്ട് വിജയിപ്പിച്ച വിൻസൺ ഫെർണാണ്ടസ് എന്നിവരെ ആദരിച്ചു.
കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ജെൻസൻ പുത്തൻവീട്ടിൽ, ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്, പാരിഷ് കൗൺസിൽ അംഗങ്ങളായ ജോസ് ബേസിൽ ഡിക്രൂസ്, ഷാജി പണക്കാട്, കവിത ജയിൻ ഫെർണാണ്ടസ്, സിസ്റ്റർ വിജയ്, ഫാ. ബിനോയ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.