തെങ്ങിന് മുകളിൽ തലകീഴായി കിടന്ന തൊഴിലാളിക്ക് അഗ്നിരക്ഷാസേന രക്ഷകരായി
1596414
Friday, October 3, 2025 2:09 AM IST
രാജപുരം: തെങ്ങിന് മുകളിൽ തലകീഴായി കിടന്ന തൊഴിലാളിക്ക് അഗ്നിരക്ഷാസേന രക്ഷകരായി. കള്ളാർ കപ്പള്ളിയിലെ തെങ്ങുകയറ്റ തൊഴിലാളി പി. ബാബുവാണ് (55) തെങ്ങിന് മുകളിൽ തലകീഴായി ഒരുമണിക്കൂറോളം തൂങ്ങികിടന്നത്. കഴിഞ്ഞദിവസം രാവിലെ ഒന്പതോടെയാണ് സംഭവം. തേങ്ങ പറിക്കാൻ കയറി മുകളിലെത്തിയപ്പോൾ മെഷീൻ പൊട്ടുകയും തൊഴിലാളി തലകീഴായി തൂങ്ങിക്കിടക്കുകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റൊരു തെങ്ങുകയറ്റ തൊഴിലാളി ശശി സംഭവം കണ്ട ഉടനെ തെങ്ങിൽ കയറി കയർ കൊണ്ട് ബാബുവിനെ തെങ്ങിനോടു ചേർത്ത് കെട്ടിവച്ചു. ഇതിനുശേഷം കുറ്റിക്കോൽ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
സ്റ്റേഷൻ ഓഫീസർ വി. സഞ്ജുകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഏണി തെങ്ങിൽ ചാരിവച്ച് ഫയർ റെസ്ക്യൂ ഓഫീസർ ഡി. നീതുമോൻ തെങ്ങിൽ കയറി റെസ്ക്യൂ നെറ്റ്, കയർ, കപ്പി എന്നിവ ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്. ബാബുവിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ പി.വി. സുമേഷ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ. കൃഷ്ണരാജ്, സി.ആർ. അഭിഷേക്, അരുൺ ആന്റണി , അഖിൽ ഷഹീൻഷ, ഹോം ഗാർഡ് പി. ദാമോദരൻ എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.