പകർച്ചപ്പനി കുറഞ്ഞു; ‘ചുമപ്പനി’വ്യാപിക്കുന്നു
1596118
Wednesday, October 1, 2025 2:04 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: കനത്തമഴ ഒഴിഞ്ഞതിനൊപ്പം പകർച്ചപ്പനി കുറഞ്ഞെങ്കിലും ചുമയോടുകൂടിയ പനി പരക്കുന്നു. ചുമയോടു കൂടിയ പനിക്ക് നഗരമെന്നോ മലയോരമെന്നോ വ്യത്യാസമില്ല. ഒരാഴ്ച മരുന്നു കഴിച്ചാലും ചുമയും അസ്വസ്ഥതയും കുറയുന്നില്ല. ശരീര ക്ഷീണവും കൂടുതലാണ്.
ദിവസവും നൂറുകണക്കിനു പേരാണ് ചുമയും പനിയും ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. തൊണ്ടവേദന രണ്ടാഴ്ച കഴിഞ്ഞാലും വിട്ടുമാറാത്തവരും ധാരാളമുണ്ട്. പനിമാറിയാലും ക്ഷീണം മാറുന്നില്ല.
ആസ്ത്മ പോലുള്ള രോഗങ്ങൾ ഉള്ളവരിലും ശ്വാസ കോശ പ്രശ്നങ്ങൾ ഉള്ളവരിലും ചുമ ബാധിക്കുന്നതോടെ വല്ലാത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കോവിഡ് ബാധിതരായവർക്ക് ചുമയും പനിയും വരുന്പോൾ വിട്ടുമാറാൻ കാലതാമസമുണ്ടാകുന്നു. തൊണ്ടവേദന വിട്ടുമാറാതെ നിൽക്കുന്നവരിൽ തൊണ്ടയിൽ നിന്ന് ശ്വാസകോശത്തിലേക്ക് അണുബാധ കടക്കുന്നതോടെയാണ് ചുമയും അസ്വസ്ഥതയും കൂടുന്നത്.
ശ്വാസകോശത്തിൽ നിന്ന് ആൽവിയോളുകളിലേക്കു ബാധിക്കുന്ന അണുബാധ ബ്രോങ്കൈറ്റിസായി മാറുന്നുണ്ട്. ഇത് മാസങ്ങൾ നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമയിലേക്കു വഴി തുറക്കുന്നു. വിവിധയിനം പൂന്പൊടികളും ബ്രോങ്കൈറ്റിസിനു കാരണമാകുന്നുണ്ട്.
മേയ് മുതൽ തുടങ്ങിയ തുടർച്ചയായ മഴക്കാലത്താണ് പകർച്ചപ്പനി അകന്പടിയായെത്തിയത്. ദിവസേന ആയിരക്കണക്കിനു പേരാണ് പകർച്ചപ്പനി ചികിത്സ തേടിയെത്തിയത്. അതിനൊപ്പം ഡെങ്കിപ്പനിയും വന്നുചേർന്നു. ഡെങ്കിപ്പനിക്കു പുറമേ മലയോരങ്ങളിൽ മഞ്ഞപ്പിത്ത ബാധയും നാട്ടുകാരെ വലച്ചു.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 494 പേരും കാസർഗോഡ് ജില്ലയിൽ 594 പേരും പനി ചികിത്സ തേടിയെത്തി. മൂന്നുപേർ ഡെങ്കിപ്പനി ബാധിതരായി ചികിത്സ തേടിയെത്തി.മഞ്ഞപ്പിത്ത ബാധിതരായി ഏഴു പേരാണ് കണ്ണൂർ ജില്ലയിൽ ഇന്നലെ ചികിത്സ തേടിയെത്തിയത്. കാസർഗോഡ് ജില്ലയിൽ ഒരാൾ മഞ്ഞപ്പിത്ത ചികിത്സ തേടിയെത്തി. മലയോര മേഖലയിൽ മഞ്ഞപ്പിത്ത ബാധ തടയാനായി വലിയ തോതിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് രോഗത്തിന് കുറവുണ്ടായത്. തീവ്ര പദ്ധതികൾ നടപ്പാക്കിയിട്ടും മലയോര മേഖലയിൽ മഞ്ഞപ്പിത്തബാധ പൂർണമായി തടയാനായിട്ടില്ല.കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ദിവസം രണ്ടുപേർക്കാണ് മലേറിയ പിടിപെട്ടത്. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും രോഗ വ്യാപനം തടയാൻ ഊർജിതമായി രംഗത്തുണ്ട്.
വരാനിരിക്കുന്നത് മഞ്ഞുകാലം;
ശ്വാസകോശ രോഗങ്ങളെ കരുതിയിരിക്കാം
രണ്ടാഴ്ച പിന്നിടുന്പോൾ മഞ്ഞുകാലത്തിനു തുടക്കമാകും. മഞ്ഞുകാലത്തിനൊപ്പം തുലാവർഷക്കാലവും കൂടിയാണ്. ഇതോടെ ശ്വാസകോശ രോഗങ്ങളുടെ കാലം ആരംഭിക്കും. മഞ്ഞ് പരക്കുന്നതോടെ വിവിധ ഫംഗസുകളും വൈറസുകളും കൂടുന്നതാണ് രോഗം കൂട്ടാൻ കാരണമാകുന്നത്.
ഈ സമയം മുതൽ പലയിനം മരങ്ങളും പൂവിടുകയും പൂന്പൊടി ശ്വാസകോശത്തിന് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നത് ബ്രോങ്കൈറ്റിസ് കൂട്ടാൻ ഇടയാക്കും.