മാഹിയിൽ പോത്തിനെ സാക്ഷിയാക്കി വ്യാപാരികളുടെ പ്രതീകാത്മക സമരം
1596117
Wednesday, October 1, 2025 2:04 AM IST
മാഹി: അധികൃതരുടെ അനാസ്ഥയിലും ജനങ്ങളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് പോത്തിനെ സാക്ഷിയാക്കി പ്രതീകാത്മ സമരവുമായി മാഹിയിലെ വ്യാപാരികൾ. സ്ഥിരം കമ്മീഷണറില്ലാത്തതിനെ തുടർന്ന് മാഹി മുനിസിപാലിറ്റി നാഥനില്ലാ കളരിയായതിലും മൂന്നു മാസക്കാലമായി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യ നീക്കം സ്തംഭിച്ചതിലും പ്രതിഷേധിച്ചായിരുന്നു പോത്തിനോട് വേദം ചൊല്ലിയിട്ട് കാര്യമില്ലെന്ന മുദ്രാവാക്യവുമായി വ്യാപാരികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പോത്തിനെ സാക്ഷിയാക്കി സിവിൽ സ്റ്റേഷനു മുന്നിൽ സമരം നടത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു. വ്യാപാരികളിൽ നിന്ന് ഒരു വർഷത്തെ ലൈസൻസ് ഫീസ് മുൻകൂറായി വാങ്ങിയും യൂസർഫീ എന്ന പേരിൽ വ്യാപാരികളിൽ നിന്നും പണം ഈടാക്കിയും ഖജനാവ് നിറയക്കുന്നതല്ലാതെ സേവനം നൽകാൻ മുനിസിപാലിറ്റി തയാറാകുന്നില്ലെന്ന് കെ.കെ.അനിൽകുമാർ പറഞ്ഞു. പ്രസിഡന്റ് ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ, ട്രഷറർ അഹമ്മദ് സമീർ എന്നിവർ പ്രസംഗിച്ചു. കെ കെ ശ്രീജിത്ത്,അനൂപ് കുമാർ, എ.വി. യൂസഫ്, പി.പി. റഹീസ് , കെ. ഭരതൻ, ദിനേശ് പൂവച്ചേരി, സമദ് ഫാഷൻ ലൈറ്റ് , സഫീർ സ്കൈ ലൈറ്റ് എന്നിവർ നേതൃത്വം നൽകി.