വന്യജീവി പ്രതിരോധസേന രൂപീകരിച്ചു
1596124
Wednesday, October 1, 2025 2:04 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഒന്ന്, 19 വാർഡുകൾ സംയുക്തമായി വന്യജീവി പ്രതിരോധ സേന രൂപീകരിച്ചു.
മച്ചിയിൽ സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ ചെറുപുഴ പഞ്ചായത്ത് ഒന്ന്, 19 വാർഡുകളിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ നേരിടുവാൻ ഇരുവാർഡുകളിലെയും എല്ലാ ഭാഗത്തുനിന്നുമുള്ള സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് യോഗത്തിൽ രൂപം നൽകി.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രേഷ്മ വി. രാജു, തോമസ് കൈപ്പനാനി, രാജേഷ് കൊല്ലാട എന്നിവർ പ്രസംഗിച്ചു. സജി തോപ്പിൽ, ലിജി കൊച്ചാങ്കൽ എന്നിവർ നേതൃത്വം നൽകി. എം പാനൽ ഷൂട്ടർമാർ ആവശ്യമായ നിർദേശങ്ങൾ നൽകി. നിരവധി കർഷകർ തങ്ങളുടെ പ്രദേശത്തെ കാട്ടുപന്നി, കുരങ്ങ്, മയിൽ, മുള്ളൻപന്നി തുടങ്ങിയ വന്യ ജീവികൾ മൂലമുള്ള കഷ്ടനഷ്ടങ്ങൾ വിവരിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്ന്, പത്തൊൻപത് വാർഡുകളിൽ പ്രതിരോധ സേനാംഗങ്ങൾ കണ്ടെത്തിയിരിക്കുന്ന പന്ത്രണ്ടോളം വന്യജീവി വാസകേന്ദ്രങ്ങളിൽ പ്രതിരോധ സേനാംഗങ്ങളുടെ പിന്തുണയോടെ എം പാനൽ ഷൂട്ടർമാർ ആക്രമണകാരികളായ കാട്ടുപന്നികളെ നിർമാർജനം ചെയ്യാൻ തുടക്കം കുറിക്കും.