എഎസ്ഐഎസ്ഡി സോൺ എഫ് റീജണൽ ഫെസ്റ്റ്: ശ്രീപുരത്തിന് ഓവറോൾ ചാന്പ്യൻഷിപ്പ്
1595825
Tuesday, September 30, 2025 1:23 AM IST
കണ്ണൂർ: അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (എഎസ്ഐഎസ്സി) സോൺ എഫ് റീജണൽ കൾച്ചറൽ ഫെസ്റ്റ് കാറ്റഗറി നാലിലും അഞ്ചിലും കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആൻഡ് ജൂണിയർ കോളജ് ടീം ഓവറോൾ ചാന്പ്യൻഷിപ്പ് നേടി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 11 ഐസിഎസ്ഇ സ്കൂളുകളിൽ നിന്നായി 145 വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരച്ചു. മോഹിനിയാട്ടം, ഭരതനാട്യം, തീം ഡാൻസ്, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘനൃത്തം എന്നീ ഇനങ്ങളിലാണു ഫെസ്റ്റ് നടന്നത്.
ആർജെ ജിത്തു (റെഡ് എഫ്എം, കണ്ണൂർ) ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണ സൈമൺ, കറസ്പോണ്ടന്റ് ഫാ. സൈജു മേക്കര, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആനി, പ്രോഗ്രാം കൺവീനർ വൃന്ദ, ശ്രീലത, സുമിത, ബീന എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ. ജോയ് കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും നിർവഹിച്ചു.