കെ.പി. മോഹനൻ എംഎൽഎയ്ക്ക് നേരേ കൈയേറ്റം
1596412
Friday, October 3, 2025 2:09 AM IST
തലശേരി: അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ കൂത്തുപറന്പ് എംഎൽഎ കെ.പി. മോഹനനെ സത്രീകൾ ഉൾപ്പടെയുള്ള നാട്ടുകാർ കൈയേറ്റം ചെയ്തു.
ഇന്നലെ രാവിലെ 11.15 ഓടെ കരിയാട് കെഎൻയുപി സ്കൂളിനു സമീപത്തെ അങ്കണവാടി ഉദ്ഘാടനത്തിനെത്തിയപ്പോൾ മാലിന്യപ്രശ്നം ഉന്നയിച്ച് നാട്ടുകാർ സംഘടിച്ച് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കരിയാട് അഭയ ഡയാലിസിസ് സെന്ററിൽനിന്നു മാലിന്യം പുറത്തേക്ക് തള്ളുന്നത് തടയാൻ എംഎൽഎ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ സംഘടിച്ച് എംഎൽഎയെ തടഞ്ഞതും വാക്കേറ്റം കൈയാങ്കളിയിലെത്തിയതും.
എംഎൽഎയെ കൈയേറ്റം ചെയ്തതിൽ വനിതകൾ ഉൾപ്പെടെ 31 പേർക്കെതിരെ ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തു. ചൊക്ലി എസ്ഐ രാഗേഷിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അരവിന്ദൻ, കെ. രവിശങ്കർ, അജിത് കുമാർ, കുമാരൻ,ഷനൂപ്, പദ്മദാസൻ എന്നിവരും കണ്ടാലറിയാവുന്ന 25 പേരുമാണ് പ്രതികൾ.
എംഎൽഎ സ്ഥലത്തെത്തിയപ്പോൾ വനിതകൾ ഉൾപ്പെടെയുള്ളവർ ഇവിടെ സംഘടിച്ചെത്തിയിരുന്നു. ഇവരോട് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങിയ എംഎൽഎയുടെ ഇരുകൈകളും ചിലർ പിടിച്ചുവലിച്ചു.
പിടിവലിക്കിടയിൽനിന്നു രക്ഷപ്പെട്ട എംഎൽഎ അങ്കണവാടിയിലെത്തിയെങ്കിലും സമരക്കാർ ഇവിടെയുമെത്തി തർക്കം തുടർന്നു. സ്തീകൾ ഉൾപ്പടെയുള്ളവർ എംഎൽഎയെ തടയുന്നതും വാക്കേറ്റമുണ്ടായതും ഉന്തും തള്ളും നടന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും തത്സമയം പ്രചരിച്ചു. എംഎൽഎക്ക് മുമ്പ് സ്ഥലത്തെത്തിയ നഗരസഭ ചെയർമാൻ കെ.പി ഹാഷിമിനു മുന്നിലും സമരക്കാർ പ്രതിഷേധം ഉയർത്തിയിരുന്നു. സമരക്കാരോട് സംസാരിച്ച ശേഷമാണ് ചെയർമാൻ ഉദ്ഘാടന വേദിയിലേക്ക് പോയത്.
മാസങ്ങളായി ഈ പ്രദേശത്ത് ഡയാലിസിസ് സെന്റർ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നുവെന്ന പ്രശ്നം ഉന്നയിച്ച് പ്രദേശവാസികളിൽ ചിലർ പ്രതിഷേധം നടത്തിവരികയായിരുന്നു.
പ്രശ്നം നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് സമരക്കാർ പറയുന്നത്.
പരാതിയില്ല;
പോലീസുമായി
സഹകരിക്കും:
കെ.പി. മോഹനൻ
തലശേരി: തന്നെ കൈയേറ്റം ചെയ്തവർക്കെതിരെ പരാതി നൽകില്ലെന്നും പോലീസ് സ്വമേധയാ കേസെടുത്താൽ സഹകരിക്കുമെന്നും കെ.പി. മോഹനൻ എംഎൽഎ. അങ്കണവാടി ഉദ്ഘാടനത്തിന് ഒരു തവണ വന്നു തിരിച്ച് പോയതാണ്. പ്രശ്നമില്ല വന്നോളൂ എന്നു സംഘാടകർ അറിയിച്ചതിനെ തുടർന്നാണ് വീണ്ടുമെത്തിയത്. പ്ലക്കാർഡുമായെത്തിയവർ തടഞ്ഞപ്പോൾ അവരെ തട്ടിമാറ്റി പോകുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.