ചാമപ്പായസ രുചിയറിഞ്ഞ് ചാമക്കാൽ വിദ്യാർഥികൾ
1595549
Monday, September 29, 2025 1:13 AM IST
പയ്യാവൂർ: സ്കൂൾ ഉച്ചഭക്ഷണത്തിൽ പുതിയ വിഭവങ്ങൾ പ്രാബല്യത്തിലാകുന്നതിനു മുമ്പേതന്നെ വിദ്യാർഥികൾക്കായി രുചി വൈവിധ്യമൊരുക്കി ചാമക്കാൽ ഗവ.എൽപി സ്കൂൾ ശ്രദ്ധേയമാകുന്നു. ചാമക്കാൽ എന്ന സ്ഥലവുമായി പതിറ്റാണ്ടുകൾ പിന്നിടുന്ന ബന്ധമുള്ള ചാമ എന്ന ചെറുധാന്യം ഉപയോഗിച്ച് തയാറാക്കിയ രുചികരമായ പായസമാണ് കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് നൽകിയത്. മധ്യതിരുവിതാംകൂറിൽ നിന്ന് ആളുകൾ ഇവിടേക്ക് കുടിയേറി പാർക്കുന്നതിന് മുമ്പ് തന്നെ ഈ പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന പുനം കൃഷിയുടെ ഭാഗമായി ചാമ, മുത്താറി, ചോളം, തിന തുടങ്ങിയവ ധാരാളം കൃഷി ചെയ്തിരുന്നു. ഇത്തരം കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചാണ് ചാമക്കാൽ, മുത്താറിക്കളം എന്നീ സ്ഥലനാമങ്ങളുണ്ടായത്.
ചാമക്കാലിന് സമീപം തന്നെയുള്ള മുത്താറിക്കളത്തിന്റെ സ്ഥലനാമ ചരിത്രം വിദ്യാർഥികളെ ബോധ്യപ്പെടുത്തി കഴിഞ്ഞമാസം മുത്താറിക്കുറുക്ക് തയാറാക്കി നൽകിയിരുന്നു. മുത്താറിക്കുറുക്കും, ചാമപ്പായസവും രുചിച്ചറിഞ്ഞ ചാമക്കാലിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതി ഇന്നലെകളിലേക്കുള്ള ഒരു ചരിത്രസഞ്ചാരമായി മാറുകയാണ്. നാടിന്റെ കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തൽ കൂടിയാണ് ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് നൽകുന്ന അറിവുകൾ.
സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശിനൊപ്പം, അധ്യാപകരായ ജോസ്മി ജോസ്, ടി.വി. ദീപ, പി. ശില്പ, എം.ടി. മധുസൂദനൻ, ടി. സ്വപ്ന, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ്, പാചക തൊഴിലാളികളായ സോണിയ തോമസ്, അമിത ബാബു എന്നിവരാണ് ഉച്ചഭക്ഷണ പദ്ധതിയിലെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.