വന്യജീവി ആക്രമണത്തിനെതിരെ കർഷകർ പരാതി നൽകി
1595839
Tuesday, September 30, 2025 1:23 AM IST
മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണങ്ങൾ വർധിക്കുന്നതിനെതിരെ പ്രതിഷേധവുമായി കർഷകർ. ചീക്കാട് ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. വിപിൻ ആനചാരിയുടെ നേതൃത്വത്തിൽ എകെസിസിയുടെ നൂറുകണക്കിന് അംഗങ്ങളാണു കർഷകരുടെ നാശനഷ്ടത്തിനും മൃഗശല്യത്തിനുമെതിരെ ഉദയഗിരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡസ്ക്കിൽ അപേക്ഷയും പരാതിയും നൽകിയത്.
ഉദയഗിരി പഞ്ചായത്തിലെ ചീക്കാട്, മാമ്പൊയിൽ, വായക്കമ്പ, മൂരിക്കടവ്, കാപ്പിമല, ആനക്കുഴി മുതുശേരി, മണക്കടവ്, ജയഗിരി, അരിവിളഞ്ഞപൊയിൽ പ്രദേശങ്ങളിൽ വന്യജീവിശല്യം രൂക്ഷമാണ്.വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാനയും മറ്റുപ്രദേശങ്ങളിൽ കാട്ടുപന്നി, കുരങ്ങ് എന്നിവയാണു കൃഷി നശിപ്പിക്കുന്നത്.
കിഴങ്ങുവർഗങ്ങളും വാഴയും കൃഷി ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണു കർഷകർ. തെങ്ങ്, കമുക് അടക്കം വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
നേരത്തെ രാത്രികാലങ്ങളിലാണു പന്നികൾ കൃഷിയിടങ്ങളിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകൽസമയത്തും കൂട്ടമായി എത്താറുണ്ട്. ഇതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഭീഷണിയാണ്. അപ്പർ ചീക്കാട്, ആനക്കുഴി പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ പോലും കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നതും പതിവായി മാറുകയാണ്. അതോടെ റബർ ടാപ്പിംഗ് ജോലികൾക്കു പോലും ആളെ കിട്ടാനില്ലാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്.
വനംവകുപ്പിനു നൽകുന്ന പരാതിയുടെയും അപേക്ഷയുടെയും അടിസ്ഥാനത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു കർഷകർ.