ആസ്റ്റര്‍ മിംസിന് കാസര്‍ഗോട്ട് തുടക്കമായി
1596415
Friday, October 3, 2025 2:09 AM IST
കാസര്‍ഗോഡ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസര്‍ഗോഡ് ചെങ്കള ഇന്ദിരാനഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മുഖ്യാതിഥിയായിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, ഇ.ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്മാന് ഡോ.ആസാദ് മൂപ്പന്, ഡയറക്ടര്‍ അനൂപ് മൂപ്പന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ. വില്‍സണ്‍, ക്ലസ്റ്റര്‍ സിഎംഎസ് ഡോ.കെ.എം. സൂരജ്, കാസര്‍ഗോഡ്-കണ്ണൂര്‍ സിഇഒ ഡോ. അനൂപ് നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.
190 കോടി രൂപ മുതല്‍മുടക്കില്‍ 2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ആശുപത്രിയില്‍ 264 കിടക്കകളും 31 മെഡിക്കല്‍ സ്പെഷാലിറ്റികളുണ്ട്. പാമ്പുകടി ഉള്‍പ്പടെ ഗുരുതരവും അടിയന്തരവുമായ പ്രത്യേക ചികിത്സകളും ലഭ്യമാണ്. 44 തീവ്രപരിചരണ വിഭാഗം കിടക്കകളും നവജാതശിശുക്കള്‍ക്കായുള്ള 16 എന്‍ഐസിയു കിടക്കകളും ഏഴു പ്രധാന ഓപ്പറേഷന് തിയേറ്ററുകളും രണ്ടു മൈനര്‍ ഓപ്പറേഷന് തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പി ആവശ്യമുള്ള രോഗികള്‍ക്കായി ഏഴു കിടക്കകളും ഡയാലിസിസ് ആവശ്യമുള്ളവര്‍ക്ക് 15 കിടക്കകളുമുണ്ട്.