നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1595747
Monday, September 29, 2025 10:01 PM IST
കരുവഞ്ചാൽ: റോഡരികിൽ സ്കൂട്ടർ നിർത്തി ഫോൺ സംസാസിരിക്കുന്നതിനിടെ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നിർമാണ കരാറുകാരനും സിപിഎം വായാട്ടുപറന്പ് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ പേട്ടയിൽ ജിമ്മിയാണ് (51) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മലയോര ഹൈവേയിൽ കരുവഞ്ചാലിനും വായാട്ടുപറമ്പിനുമിടയിൽ മുണ്ടച്ചാൽ പാലത്തിന് സമീപത്തായിരുന്നു അപകടം. നിർമാണ പ്രവൃത്തികൾ നടക്കുന്നിടത്തെ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചുനൽകിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഫോൺ വന്നതിനെ തുടർന്ന് റോഡരികിൽ സ്കൂട്ടർ നിർത്തിയതായിരുന്നു.
എതിർഭാഗത്തുനിന്ന് ദിശമാറി അമിത വേഗതയിൽ എത്തിയ കാർ കാർ ജിമ്മിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 20 മീറ്ററോളം അകലേക്ക് തെറിച്ചുപോയി. അപകടത്തിനിടയാക്കിയ കാർ റോഡിന്റെ സംരക്ഷണ ഭിത്തിയും തകർത്ത് താഴെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജിമ്മിയെ നാട്ടുകാര്‍ ഉടന്‍ കരുവഞ്ചാലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. അപകടത്തിൽ കാർ ഡ്രൈവർ തിരുമേനി സ്വദേശിനി റോസ് മേരി വർഗീസ് (21), സഹോദരൻ തോമസ് വർഗീസ് (24), അമ്മ ജോളി തോമസ് (49) ഇവരുടെ ബന്ധു കരുവഞ്ചാൽ സ്വദേശിനി ജിഷ തോമസ് (43) എന്നിവർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിമ്മിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുമായി കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുകിട്ടുന്ന മൃതദേഹം ഇന്ന് വായാട്ടുപറന്പ് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കും.
പരേതരായ ഐസക്ക്-ഏലിക്കുട്ടി ദന്പതികളുടെ മകനാണ്. കാർത്തികപുരം ആലിങ്കൽ താഴത്ത് കുടുംബാംഗം മേരിയാണ് ഭാര്യ. മക്കൾ: അലോണ, അലോഷി. സഹോദരങ്ങൾ: ആലിസ്, ജോസ്, മേരിക്കുട്ടി, മോളി, ബീന, ഷേർളി, ഷിജി, റിജി.