മാഹിയിലെ ബസ്-ഓട്ടോ തൊഴിലാളി തർക്കത്തിനു പരിഹാരം
1596115
Wednesday, October 1, 2025 2:03 AM IST
മാഹി: മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന പിആർടിസി, കോ-ഓപറേറ്റീവ് ബസുകളും ഓട്ടോ തൊഴിലാളികളും തമ്മിൽ ദിവസങ്ങളായുള്ള തർക്കത്തിന് താത്കാലിക പരിഹാരം.
പ്രശ്നം അന്തർ സംസ്ഥാന വിഷയമായി മാറിയ സാഹചര്യത്തിൽ കേരള-പുതുച്ചേരി സംസ്ഥാനങ്ങളിലെ പോലീസ്, മോട്ടോർവാഹന വകുപ്പ്, ഓട്ടോതൊഴിലാളി പ്രതിനിധികൾ എന്നിവരെ വിളിച്ചു ചേർത്ത് നടത്തിയ യോഗത്തിലാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായത്.
തീരുമാന പ്രകാരം ദിവസവും രാവിലെ 6.30 മുതൽ രാത്രി ഒന്പത് വരെ 20 മിനുട്ടുകളുടെ ഇടവേളയിൽ റെയിൽ സ്റ്റേഷൻ പരിസരത്തു നിന്ന് പി.ആർടിസിയുടേയും മാഹി ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും ബസുകൾക്ക് സർവീസ് നടത്താം.
ഒരു സമയം ഒരു ബസ് മാത്രമേ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വരാൻ പാടുള്ളൂ. ബസ് ആളെ ഇറക്കിയ ശേഷം അഞ്ചു മിനുട്ടിൽ കൂടുതൽ പാർക്ക് ചെയ്യാൻ പാടില്ല. ബസ് എൻജിൻ ഓഫ് ചെയ്ത് ആളുകളെ വിളിച്ചു കയറ്റരുത്. സമയക്രം കൃത്യമായി പാലിക്കണം.
ഒരു മാസത്തിനുള്ളിൽ ബസുകളുടെ പുതിയ ടൈം ഷെഡ്യൂൾ മാഹി ട്രാൻസ്പോർട്ട് വകുപ്പ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് മേൽപ്പറഞ്ഞ തീരുമാനങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറിയ വ്യതിയാനങ്ങൾ അപ്പോൾ യോഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. തീരുമാനങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ചോന്പാല പോലീസ് എസ്എച്ച്ഒ, മാഹി സിഐ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തി പ്രശ്നം പരിഹരിക്കണം.