വന്യമൃഗശല്യ ലഘൂകരണ യജ്ഞം; കിഫ 1310 പരാതികൾ കൈമാറി
1595832
Tuesday, September 30, 2025 1:23 AM IST
ഇരിട്ടി : വന്യജീവി മൃഗാക്രമണം തടയുന്നതിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതം ഓഫീസിൽ സ്ഥാപിച്ച ഹെൽപ്പ് ഡെസ്കിൽ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കർഷകരുടെ 1310 പരാതികൾ കൈമാറി.
ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മേഖലകളിലെ കർഷകരിൽ നിന്നും പരാതികൾ ശേഖരിച്ച് കൈമാറുകയായിരുന്നു. തങ്ങളുടെ കൃഷിയിടത്തിൽ സ്ഥിരമായി എത്തുന്ന വന്യമൃഗങ്ങളെ തടയാൻ നടപടി സ്വീകരിക്കണമെന്നും പ്രതിരോധം കടന്ന് കൃഷിയിടത്തിൽ എത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം കർഷകന് നൽകണമെന്നുമാണ് ആവശ്യപ്പെടുന്നത്.
വനം വകുപ്പുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രാദേശികമായ മറ്റു വിഷയങ്ങളും, ആയത് പരിഹരിക്കാനുള്ള നിർദേശങ്ങളും പരാതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കിഫ ആറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിൽസ് മുള്ളൻകുഴിയിലിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ ജോസ് പ്രകാശ്, കെ.യു.തങ്കച്ചൻ , റോയ്, ബിജു, ചെറിയാൻ, അനൂപ്, സണ്ണി, തോമസ് എന്നിവരാണ് പരാതികൾ ശേഖരിച്ച് കൈമാറിയത്. കൂടാതെ ആറളം പുനരധിവാസ മേഖലയിൽ നിന്നും പി.സി. ബാലന്റെ നേതൃത്വത്തിൽ 200 പരാതികളും കൈമാറി.