അഴിച്ചുമാറ്റിയ ബാറ്ററികളും പാനലുകളും മഴയും വെയിലുമേറ്റ് നശിക്കുന്നു
1595538
Monday, September 29, 2025 1:13 AM IST
ഇരിട്ടി: തലശേരി-വളവുപാറ കെഎസ്ടിപി റോഡിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ വഴിവിളക്കുകളുടെ ബാറ്ററികളും പാനലും തൂണും പൊതുമരാമത്ത് വകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ വെയിലും മഴയുമേറ്റ് നശിക്കുന്നു.
സ്ഥാപിച്ച് ഒരുവർഷം തികയുംമുമ്പേ പ്രവർത്തന രഹിതമായ വഴിവിളക്കുകളുടെ ശേഷിപ്പുകളാണ് വെറുതെ കിടന്ന് നശിക്കുന്നത്. വാഹനങ്ങൾ ഇടിച്ചു തകർത്തതും യാത്രക്കാർക്ക് ഭീഷണിയാകുംവിധം ബാറ്ററികൾ തുരുമ്പെടുത്ത് തൂണിൽ തൂങ്ങി നിന്നവയും അഴിച്ചെടുത്ത് പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെയും റസ്റ്റ് ഹൗസിന്റെയും വളപ്പിൽ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ബാറ്ററികൾ മോഷ്ടാക്കൾ അഴിച്ചുക്കൊണ്ടുപോയ ശേഷം ബാക്കി വന്നവയാണ് കൂട്ടി ഇട്ടിരിക്കുന്നത്.
300 കോടിയിലധികം മുടക്കിയാണ് 53 കിലോമീറ്റർ വരുന്ന തലശേരി-വളവുപാറ കെഎസ്ടിപി റോഡ് നവീകരിച്ചത്. നവീകരണ പ്രവർത്തിയുടെ ഭാഗമായാണ് സോളാർ വിളക്കുകൾ സ്ഥാപിക്കുന്നത്. 53 കിലോമീറ്ററിൽ 947 സോളാർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്. വിളക്ക് ഒന്നിന് 95,000 ത്തോളം വിലവരും.
ഇരിട്ടി ടൗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും മൂന്നുമാസം മുതൽ ആറുമാസം വരെയാണ് വിളക്കുകൾ പ്രകാശിച്ചത്. വിളക്കുകൾ ഉണ്ടാക്കുന്ന അപകടഭീഷണി താലൂക്ക് സഭയിൽ ഉൾപ്പെടെ പരാതി ഉയർന്നിട്ടും ഒന്നും അഴിച്ചുമാറ്റാൻ അധികൃതർ തയാറായില്ല. ഒടുവിൽ ഇരിട്ടി ടൗണിലെ വഴിവിളക്കുകൾ നഗരസഭ ഇടപെട്ട് സ്വകാര്യ വ്യാപാര സ്ഥാപനത്തിന്റെ സഹായത്തോടെ മാറ്റി സ്ഥാപിക്കുകയായിരുന്നു. അതിന്റെ ഭാഗമായി അഴിച്ചുമാറ്റിയ വഴിവിളക്കുകളുടെ ഭാഗങ്ങളാണ് അലക്ഷ്യമായി ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത്.
വഴിവിളക്കിന് ഒന്പത് കോടിയോളമാണ് ചെലവഴിച്ചത്. നിർമാണം പൂർത്തിയാക്കി കരാർ കമ്പനി റോഡും ഇരിട്ടി ഉൾപ്പെടെയുള്ള ഏഴ് പാലങ്ങളും പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ട് രണ്ടുവർഷത്തിലധികമായി. ലൈറ്റുകൾ സ്ഥാപിക്കുമ്പോൾ അതിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടായിട്ടില്ല. പതിനായിരം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ചിട്ടും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. ബന്ധപ്പെട്ട സ്റ്റേഷനുകളിൽ ഒരു പരാതി നൽകുന്നതിലേക്കു മാത്രം ഒതുങ്ങി നിയമ നടപടികൾ.
കോടികൾ മുടക്കി പദ്ധതി നടപ്പാക്കിയിട്ടും അന്തർസംസ്ഥാന പാതയിലെ ടൗണുകൾ ഉൾപ്പെടെ കൂരിരുട്ടിലാണ്. ഇരിട്ടി ടൗണിൽ സ്വകാര്യ സംരംഭകന്റെ സഹായത്തോടെ സോളാർ വിളക്കുകൾ മാറ്റി പുതിയ വിളക്കുകൾ സ്ഥാപിച്ചിരിക്കുകയാണ്. സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ അഴിമതി നടന്നിട്ടും അന്വേഷണം ഉണ്ടായിട്ടുമില്ല.