ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപത കൗൺസിലും വാർഷികവും നാളെ എടൂരിൽ
1596127
Wednesday, October 1, 2025 2:04 AM IST
ഇരിട്ടി: ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപതയുടെ 66-ാ മത് കൗൺസിലും വാർഷികവും എടൂർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ നാളെ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന കൗൺസിൽ തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും.
എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, രാജകന്യക സിനിമ ഡയറക്ടർ വിക്ടർ ആദം, മേഖല ഡയറക്ടർ ഫാ. ഏബ്രഹാം കൊച്ചുപുരയ്ക്കൽ, അതിരൂപത ജൂണിയർ പ്രസിഡന്റ് അഗസ്റ്റിൻ കൊടകശേരി തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.15ന് വാർഷികസമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന മിഷൻലീഗ് രൂപത പ്രവർത്തകൻ മാത്യു എം. കണ്ടത്തിൽ, ഫാ. മാലിപ്പറമ്പിൽ പുരസ്കാര ജേതാവ് ഫാ. ആന്റണി തെക്കേമുറി, ജയ്സൺ മർക്കോസ് പ്രേഷിത അവാർഡ് ജേതാവ് ഷാജി പള്ളുരത്തിൽ എന്നിവരെ ആദരിക്കും.
തുടർന്ന് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ വിശ്വാസ പ്രഘോഷണ പ്രേഷിതറാലി നടക്കും. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ സമാപന സന്ദേശം നൽകും. റാലിയിൽ ദൃശ്യാവതരണങ്ങളും ഉണ്ടാകും.