ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി അഴീക്കോടൻ അച്ചാംതുരുത്തിക്ക്
1596413
Friday, October 3, 2025 2:09 AM IST
ധർമടം: അഞ്ചരക്കണ്ടി പുഴയിൽ നടന്ന ചാന്പ്യൻസ് ബോട്ട് ലീഗിൽ അഴീക്കോടൻ അച്ചാംതുരുത്തി എ ടീം ജേതാക്കൾ. 15 ചുരുളൻ വള്ളങ്ങൾ പങ്കെടുത്ത മത്സരത്തിൽ 1.54.221 മിനിറ്റിന് ഫിനിഷ് ചെയ്താണ് അഴീക്കോടൻ അച്ചാംതുരുത്തി ജേതാക്കളായത്. വയൽക്കര വെങ്ങാട്ട്, പാലിച്ചോൻ അച്ചാംതുരുത്തി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണിയത്ത് സജിരാജും അമരത്ത് കെ.പി വിജേഷും നിലയുറപ്പിച്ചാണ് അച്ചാംതുരത്തിയെ വിജയത്തിലെത്തിച്ചത്. ദിപേഷ് ആയിരുന്നു ടീം മാനേജർ. വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് വിജയികൾ ട്രോഫി ഏറ്റുവാങ്ങി.
1.54.611 ന് ഫിനിഷ് ചെയ്താണ് വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനം നേടിയ പാലിച്ചോൻ അച്ചാം തുരുത്തി എ ടീം 1.56.052 സമയത്തിനാണ് ഫിനിഷ് ചെയ്തത്. ന്യൂ ബ്രദേഴ്സ് മയ്യിച്ച നാലാം സ്ഥാനവും എ.കെ.ജി പോടോത്തുരുത്തി എ ടീം അഞ്ചാം സ്ഥാനവും, നവോദയ മംഗലശേരി ആറാം സ്ഥാനവും കൃഷ്ണപിള്ള കാവുംചിറ ഏഴും, എ.കെ.ജി മയ്യിച്ച എട്ടും, വയൽക്കര മയ്യിച്ച ഒന്പതും സ്ഥാനത്തെത്തി.
ഒന്നാം സ്ഥാനക്കാർക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനതുകയായി നൽകി. ഇതിന് പുറമേ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും ഒരു ലക്ഷം രൂപ വീതവും നൽകി.
ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, കളക്ടർ അരുൺ കെ. വിജയൻ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം ജോയിന്റെ ഡയറക്ടർമാരായ ഡി. ഗിരീഷ്കുമാർ, ടി.ജെ. അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.