"വാക്ക് വിത്ത് ഗാന്ധി' മെഗാ ക്വിസ് സംഘടിപ്പിച്ചു
1595548
Monday, September 29, 2025 1:13 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ചു നടന്ന മെഗാ ക്വിസ് പ്രോഗ്രാം "വാക്ക് വിത്ത് ഗാന്ധി'-2025 സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും വിവിധ ഹൈസ്കൂൾ, ഹയർ സെക്കൻഡറികളിൽ വിഭാഗങ്ങളിൽ നിന്നായി അമ്പതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ പെരുമ്പടവ് ബിവിജെഎം എച്ച്എസ്എസിലെ എം.ആർ. ശിവാനി, കെ. ഋതിക ടീം ഒന്നാം സ്ഥാനവും തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ കെ ഹേമന്ത്, കെ.വി. ധ്യാൻദേവ് സഖ്യം രണ്ടാം സ്ഥാനവും എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ലയ മരിയ ബെന്നി, അയോണ തെരേസ് ടീം മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ആദിത്യൻ കെ. സുനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ദീപക് ജോസഫ് ക്വിസ് മത്സരം നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സജി ജോർജ്, ഹൈസ്കൂൾ മുഖ്യാധ്യാപകൻ ബിജു സി. ഏബ്രഹാം, പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം, സെക്രട്ടറി ജിമ്മി തോമസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.