വിശ്വാസം വിളിച്ചോതി ചെറുപുഷ്പ മിഷൻലീഗ് റാലി
1596411
Friday, October 3, 2025 2:09 AM IST
ഇരിട്ടി: എടൂരമ്മയുടെ മണ്ണിൽ നടന്ന തലശേരി അതിരൂപത ചെറുപുഷ്പ് മിഷൻലീഗ് കൗൺസിലും വിശ്വാസ പ്രഖ്യാപന റാലിയും ജനതകളുടെ വിശ്വാസത്തിന്റെ ഉറച്ച പ്രഖ്യാപനമായി. എടൂർ സെന്റ് മേരിസ് ആർക്കി എപ്പിസ്കോപ്പൽ ഫൊറോന പള്ളി ആതിഥ്യമരുളിയ ചെറുപുഷ്പ മിഷൻ ലീഗിന്റെ 66-ാം വാർഷിക കൗൺസിലും വിശ്വാസ പ്രഖ്യാപന റാലിയും സംഘാടനം കൊണ്ടും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഉച്ചകഴിഞ്ഞ് 1.15ന് വാർഷിക സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മിഷൻലീഗ് പ്രവർത്തകൻ മാത്യു എം. കണ്ടത്തിൽ, ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാര ജേതാവ് ഫാ. ആന്റണി തെക്കേമുറി, ജയ്സൺ മർക്കോസ് പ്രേഷിത അവാർഡ് ജേതാവ് ഷാജി പള്ളുരത്തിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ പുളിച്ചുമാക്കൽ, ജൂനിയർ പ്രസിഡന്റ് അഗസ്റ്റിൻ കൊടകശേരി, അതി രൂപത ഡയറക്ടർ ഫാ ജോസഫ് വയലുങ്കൽ, സെക്രട്ടറി ബിജു കൊച്ചുപൂവക്കോട്ട് എന്നിവർ പ്രസംഗിച്ചു. രാവിലെ10 ന് ആരംഭിച്ച പ്രതിനിധി സമ്മേളനം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
എടൂർ ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറി, രാജകന്യക സിനിമ ഡയറക്ടർ വിക്ടർ ആദം, മേഖല ഡയറക്ടർ ഫാ. ഏബ്രഹാം കൊച്ചുപുരയ്ക്കൽ, സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ സി.ജെ. ജോസഫ്, മേഖല പ്രസിഡന്റ് സോജൻ കൊച്ചുമലയിൽ, മേഖലാ വൈസ് ഡയറക്ടർ സിസ്റ്റർ ആൻ മരിയ സിഎംസി, അരുൾ പറയകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
തലശേരി അതിരൂപതയിലെ 19 ഫൊറോനകളിൽനിന്നായി ആയിരങ്ങൾ റാലിയിൽ അണിനിരന്നു. സമുദായ ശാക്തീകരണ വർഷത്തിന്റെ ഭാഗമായി നടന്ന റാലിക്ക് താളമേളങ്ങൾ, മുത്തുക്കുടകൾ നിശ്ചല ബൈബിൾ ദൃശ്യങ്ങൾ എന്നിവയും ക്രിസ്ത്യൻ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞെത്തിയ പ്രവർത്തകരും മിഴിവേകി.
എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം മാടത്തിൽ കീഴ്പ്പള്ളി റോഡിൽ പ്രവേശിച്ച് എടൂർ ടൗണിലൂടെ സഞ്ചരിച്ച് എടൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ ചെറുപുഷ്പ നഗറിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ സന്ദേശം നൽകി.
പരിമിതികളിലും ദൈവഹിതം തിരിച്ചറിഞ്ഞ്
സഹകരിക്കുന്നവർ യഥാർഥ പ്രേഷിതർ: ആർച്ച്ബിഷപ്
ഇരിട്ടി: നമ്മൾ ഓരോരുത്തരും ആയിരിക്കുന്ന പരിമിതികളിലും സാഹചര്യങ്ങളിലും ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കുമ്പോഴാണ് നമ്മൾ യഥാർത്ഥ പ്രേഷിതൻ ആകുന്നതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി.
ചെറുപുഷപ മിഷൻലീഗ് തലശേരി അതിരൂപത വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജീവിതത്തിൽ മനുഷ്യൻ നിശ്ചയിക്കുന്നതിന് അപ്പുറം ദൈവം നിശ്ചയിച്ച വഴികളും സമയവുമുണ്ട്. അത് തിരിച്ചറിഞ്ഞ് സ്വീകരിക്കുന്നതാണ് ജീവിതത്തിന്റെ യഥാർഥ സൗന്ദര്യം. മിഷനറി പ്രവർത്തനത്തിന്റെ അടിത്തറയാന്ന് മിഷൻ ലീഗ്.
ലോകം മുഴുവൻ ദൈവവിളികൾ കുറയുമ്പോൾ തലശേരി അതിരൂപതയിൽ ദൈവവിളിയിൽ മറ്റ് രൂപതകളേക്കാൾ ഏറെ മുന്നിലെത്താനുള്ള കാരണം മിഷൻ ലീഗിന്റെ പ്രവർത്തനം കൂടിയാണ്. ഇത് അഭിമാനകരമാണ്.
തലശേരി അതിരൂപതയിലെ മിഷൻലീഗിന്റെ പ്രവർത്തങ്ങളെക്കുറിച്ച് മറ്റ് രൂപതകളിൽ ഏറെ അഭിമാനത്തോടെ പറയാൻ കഴിയുന്നു എന്നതും അഭിമാനകരമാണ് . സംസ്ഥാന തലത്തിൽ മിഷൻ ലീഗിന് തലശേരി തിരൂപതക്ക് വേണ്ടി അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞ വർഷംകൂടിയാണ്. അതിനായി അതിരൂപതയെ ഏറ്റവും മാതൃകാപരമായി സമിതി നയിച്ചുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.