കോടതി ഉത്തരവ്: ആറളത്ത് കാടുവെട്ടൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു
1596113
Wednesday, October 1, 2025 2:03 AM IST
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി താവളമാക്കിയ കാട്ടാനക്കൂട്ടങ്ങളെ പൂർണമായും തുരത്തുന്നതിന്റെ ഭാഗമായി കോടതി നിർദേശ പ്രകാരമുള്ള രണ്ടാംഘട്ട കാടു വെട്ടിത്തെളിക്കൽ പ്രവൃത്തി ആരംഭിച്ചു. ഫാമിന്റെ വിവിധ ബ്ലോക്കുകളിലായി വന്യമൃഗങ്ങൾ താവളമാക്കിയ 20ൽ അധികം ഇടങ്ങൾ ഉണ്ടെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലെ ഏകദേശം 276 ഏക്കർ സ്ഥലത്തെ കാടുകളാണ് രണ്ടാം ഘട്ടത്തിൽ വെട്ടിത്തെളിക്കുന്നത്. ആദിവാസികൾക്ക് പതിച്ചു നൽകിയിട്ടും വർഷങ്ങളായി ജനവാസം ഇല്ലാതായ മേഖലയാണ് കാടുകൾ വളർന്ന് വനസമാന മേഖലയായി മാറിയത്. 450തോളം ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം പതിച്ചു നൽകിയ ഭൂമിയാണ് ഇതിൽ ഭൂരിഭാഗവും.
ഇവിടെ നിർമാണം പൂർത്തിയാക്കിയതും പാതി വഴിയിൽ നിർമാണം നിലച്ച വീടുകളും കൃഷിയിടങ്ങളുമുണ്ട്. ഇവ ഉപേക്ഷിച്ച് 80 ശതമാനം കുടുംബങ്ങളും സ്ഥലം വിട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ കാട്ടുമൃഗ ശല്യവുമാണ് കുടുംബങ്ങൾ വീടും കൃഷിയിടവും ഉപേക്ഷിച്ച് പോകാൻ കാരണം. ഫാമിൽ നിന്ന് തുരത്തുന്ന ആനകൾ ഇവിടങ്ങളിലാണ് താവളമാക്കുന്നത്. വെള്ളവും ഭക്ഷണവും ധാരാളം ലഭിക്കുന്നതോടെ ആനകൾ ഇവിടം വിട്ട് പോകാതെ തുടരുകയാണ് . പുനരധിവാസ മേഖല ബ്ലോക്ക് 13-ൽ വെള്ളി - ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ പ്രശ്നത്തിൽ ഇടപെട്ട ഹൈക്കോടതിയാണ് കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം നൽകിയത്.
ഒന്നാം ഘട്ടത്തിൽ 210 ഏക്കറിലെ കാട് വെട്ടിത്തെളിച്ചിരുന്നു. 250 ഏക്കർ വെട്ടിത്തെളിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും മഴയെ പണി നിർത്തുകയായിരുന്നു. നേരത്തെ വെട്ടി തെളിച്ച സ്ഥലങ്ങളിൽ ഇപ്പോൾ ഒരാൾ പൊക്കത്തിൽ കാട് വളർന്നു നിൽക്കുകയാണ്. കോടതിയുടെ നിർദേശത്തെ തുർന്ന് 276 ഏക്കറിലെ കാടുകൾ വെട്ടാനുള്ള പദ്ധതിയാണ് പട്ടിക വർഗ- വികസന വകുപ്പ് തയാറാക്കിയത്.
ഇതിനുള്ള എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു. ബ്ലോക്ക് 55-ൽ ഇതുവരെ സർവെ പൂർത്തിയാകാത്തിനെ തുടർന്ന് സർവെ നടത്തുകയും പത്ത് ഏക്കറോളം സ്ഥലത്ത് വരുന്ന പ്രദേശത്ത് കൈയേറി താമസമാരംഭിച്ച ആറു കുടുംബങ്ങൾക്ക് സ്ഥലം പതിച്ചു നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.