ഏഴരപവൻ കവർന്നതായി പരാതി; പിന്നാലെ ആഭരണങ്ങൾ അലമാരയിൽ കണ്ടെത്തി
1595834
Tuesday, September 30, 2025 1:23 AM IST
പയ്യന്നൂർ: വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴരപ്പവന്റെ ആഭരണങ്ങൾ കവർന്നതായുള്ള പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമായപ്പോൾ നഷ്ടപ്പെട്ട ആഭരണങ്ങൾ അലമാരയിൽത്തന്നെ കണ്ടെത്തി.
കിഴക്കേ പുഞ്ചക്കാട് മുല്ലക്കോട്ടെ തായമ്പത്ത് കൃഷ്ണന്റെ വീട്ടിലാണു മോഷണം നടന്നതായി പരാതിയുണ്ടായത്. വീട്ടുകാർ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ നീക്കി അകത്തുകയറിയ മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ മോഷ്ടിച്ചതായാണു പരാതിയുണ്ടായത്. നാലു പവന്റെ മാല, മൂന്നു പവന്റെ മൂന്നു വള, അരപവന്റെ മോതിരം എന്നിവയാണു നഷ്ടമായതായി പരാതിയിൽ പറഞ്ഞിരുന്നത്.
ഈ മാസം 21ന് വൈകുന്നേരം അഞ്ചിനും 28ന് രാവിലെ എട്ടിനുമിടയിലാണു മോഷണമെന്ന് പയ്യന്നൂർ പോലീസിൽ വീട്ടുകാർ നല്കിയ പരാതിയിൽ പറയുന്നു. ആറുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി ഊർജിതമായ അന്വേഷണമാണു തുടങ്ങിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധർ പരിശോധിക്കുന്നതിനിടെയാണ് അലമാരയിൽ നഷ്ടപ്പെട്ടതായി പറയുന്ന ആഭരണങ്ങൾ കണ്ടെത്തിയത്. ഈ അലമാര സൂക്ഷ്മമായി പരിശോധിച്ച ശേഷമാണു പരാതി നൽകിയതെന്നു വീട്ടുകാർ പറയുന്നു. അപ്പോൾ കാണാതിരുന്ന ആഭരണങ്ങൾ പോലീസിന്റെ അന്വേഷണം ഊർജിതമായപ്പോൾ എങ്ങിനെ അലമാരയിലെത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോൾ പോലീസ്.