ഇന്നു മുതൽ ഇവിടെ സൊറ പറഞ്ഞിരിക്കാം
1596120
Wednesday, October 1, 2025 2:04 AM IST
ചന്ദനക്കാംപാറ: ജോലിയിൽ നിന്ന് വിരമിച്ച ഭൂരിഭാഗം ആളുകളും വിശ്രമജീവിതം നയിക്കുമ്പോൾ മുതിർന്ന പൗരൻമാരുടെ ഒഴിവുസമയങ്ങൾ സന്തോഷകരമാക്കാൻ വിരമിച്ച ആരോഗ്യ പ്രവർത്തകൻ ഇ.ജെ. അഗസ്റ്റിൻ അറുപത് വയസ് കഴിഞ്ഞ ആളുകൾക്കായി ഒരുക്കുന്ന "സൊറ പറഞ്ഞിരിക്കാൻ ഒരിടം' വയോജന ദിനമായ ഇന്നുമുതൽ തുറന്നുകൊടുക്കും.
ചന്ദനക്കാംപാറ സ്വദേശിയും മുൻ ഹെൽത്ത് സൂപ്പർവൈസറുമായ അഗസ്റ്റിൻ ചന്ദനക്കാംപാറ മാന്തോട് ടൗണിന് സമീപമാണ് വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനുമായുള്ള ഈ ഇടം ഒരിക്കിയിരിക്കുന്നത്. അഗസ്റ്റിൻ സ്വന്തമായി പണം ചെലവഴിച്ച് സജ്ജമാക്കിയ ഇവിടെ പേര് രജിസ്റ്റർ ചെയ്യുന്ന മുതിർന്ന പൗരൻമാർക്കെല്ലാം പ്രവേശനം സൗജന്യമാണ്.
ഉദ്ഘാടന ദിനത്തിലും തുടർന്നുമായി പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ അമ്പത് പേർക്ക് സൗജന്യ ഊട്ടിയാത്രയും ഒരുക്കിയിട്ടുണ്ട്.