പ്രായവും പ്രതിസന്ധികളും തോൽക്കും; പാടത്ത് തൊണ്ണൂറിന്റെ ചെറുപ്പം
1596129
Wednesday, October 1, 2025 2:04 AM IST
തൃക്കരിപ്പൂർ: ഉപ്പുവെള്ളം കയറി കൊയോങ്കര പാടശേഖരത്തിലെ എടാട്ടുമ്മലിൽ ഉൾപ്പെടെ നെൽക്കർഷകരെ കണ്ണീരിലാഴ്ത്തിയപ്പോൾ തൊണ്ണൂറിന്റെ പടിവാതിലിലെത്തിയ മാമുനി കല്യാണിയമ്മ വീട്ടുപറമ്പിനോട് ചേർന്നു ചെയ്ത നെൽക്കൃഷി കൊയ്തു തുടങ്ങി. പ്രതിസന്ധികളോട് പൊരുതി നെൽച്ചെടികൾ കതിരണിഞ്ഞത് അവർക്ക് നൽകുന്ന ആഹ്ലാദം ചെറുതല്ല. പഞ്ചായത്തിലെ കിഴക്കൻ ഭാഗങ്ങളിലെ ഹെക്ടർ കണക്കിന് നെൽവയലുകളിൽ ഇത്തവണ വിരലില്ലെണ്ണാവുന്നവർ മാത്രമാണ് കൃഷി ഇറക്കിയത്.
കുണിയൻ പുഴയിലെ അശാസ്ത്രീയ തടയണ നിർമാണത്തിൽ ഉപ്പുവെള്ളം കുത്തിയൊലിച്ച് വയലുകൾ നിറഞ്ഞതാണ് പഞ്ചായത്തിന്റെ വടക്കൻ അതിരിലിലുള്ള ഈയ്യക്കാട് പാടശേഖരം മുതൽ എടാട്ടുമ്മൽ കിഴക്കേക്കര വരെയുള്ള ഭാഗങ്ങളിൽ കർഷകർ ഇത്തവണ കൃഷി ഇറക്കാതിരുന്നത്. അവിടെയാണ് തന്റെ സിരകളിൽ അലിഞ്ഞുചേർന്ന നെല്ലിന്റെ മണം മാമുനി കല്യാണിയമ്മയെ ഊന്നുവടിയുടെ സഹായത്തിൽ കൃഷിയിറക്കാൻ പ്രേരിപ്പിച്ചത്.
നാടൻ നെൽവിത്തുകളായ ഉമ, നമ്പ്യാരമ്മ എന്നിവയ്ക്കൊപ്പം പൊന്നിയും വീടിനോട് ചേർന്നുള്ള അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തു. വയലിൽ കൃഷിയിറക്കാൻ ഒരുക്കിയ ഞാറ് വീടിന്റെ പറമ്പിൽ ചെയ്യുകയായിരുന്നു. 18-ാം വയസിൽ തുടങ്ങിയതാണ് കല്യാണിയമ്മ കൃഷിപ്പണി.
എടാട്ടുമ്മൽ പാടശേഖരത്തിലുള്ള ഒരേക്കർ നെൽവയലിൽ പതിറ്റാണ്ടുകളായി മൂന്നു വിള നെൽക്കൃഷി എടുത്തിരുന്നതാണ്. എന്നാൽ ഇത്തവണ വേനലിൽ ഉപ്പുവെള്ളം കയറി നാശം വന്നുവെങ്കിൽ മഴ ശക്തമായതോടെ വെള്ളം കയറിയാൽ ഇറങ്ങാൻ മാർഗമില്ലാതായി.
ഇതാണ് ഇവർ വീട്ടുവളപ്പിൽ നെൽക്കൃഷി ചെയ്യാൻ തെരഞ്ഞെടുത്തത്. ഊന്നുവടി കുത്തി കൃഷിപ്പണികൾ ചെയ്തുവരുന്ന കല്യാണിയമ്മക്ക് മകൻ രാജേഷും കുടുംബവുമാണ് സഹായവുമായി കൂടെയുള്ളത്. നെൽക്കൃഷി കഴിഞ്ഞ ഉടൻ വിവിധ തരം പച്ചക്കറി കൃഷിയും എല്ലാ വർഷവും ചെയ്യുന്നുണ്ട്. തന്റെ മനസും മണ്ണും നെല്ലും വയലും ചേർന്നതാണ് തന്റെ ജീവനും ജീവിതവും എന്ന തിരിച്ചറിവിൽ ഉറച്ചുനിന്ന് വീട്ടുമുറ്റത്ത് നൂറുമേനി വിളയിച്ച മാമുനി കല്യാണിയമ്മയുടെ കരുത്ത് നാടിനും കർഷകർക്കും ഒരു കൃഷിപാഠം തന്നെയാണ്.
200 ഏക്കറിലധികം വരുന്ന തൃക്കരിപ്പൂരിലെ കൊയോങ്കര, എടാട്ടുമ്മൽ, ഈയ്യക്കാട് പാടശേഖരങ്ങളിൽ കർഷകരുടെ ദുരിതം പരിഹരിക്കാൻ അധികൃതർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ പഞ്ചായത്തിലെ കിഴക്കൻ ഭാഗത്തെ നെൽക്കൃഷി പൂർണായും നിലയ്ക്കുമെന്നുറപ്പാണ്.