തെരുവുനായ്ക്കള്‍ കടിച്ചുകീറുമ്പോഴും : കാര്യക്ഷമമല്ലാതെ എബിസികള്
1577600
Monday, July 21, 2025 4:35 AM IST
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണം മൂലം ആളുകള്‍ മരണപ്പെടുന്ന ഭീതികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന ജില്ലയിലെ ആനിമല്‍ ബെര്‍ത്ത് കണ്ട്രോള് (എബിസി) സെന്ററുകള്‍ കാര്യക്ഷമമല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തെരുവുനായകളുടെ എണ്ണം ജില്ലയില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടും പേരിനു മാത്രം മൂന്ന് എബിസി സെന്ററുകളാണ് ജില്ലയിലുള്ളത്.
കൊച്ചി കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ ബ്രഹ്മപുരത്ത് എബിസി സെന്റര്‍ പ്രവര്‍ത്തിക്കുന്നു ണ്ടെങ്കിലും ഇവിടെ ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മുളന്തുരുത്തി, വടവുകോട് എബിസി സെന്ററുകളിലാകട്ടെ നിഷ്ക്രിയമായ അവസ്ഥയിലുമാണ്.
ഒരു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ബ്രഹ്മപുരത്തെ എബിസി സെന്ററില്‍ അന്ന് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ കൂടുതലായൊന്നും ഇന്നുമില്ല.
ദിവസേന പത്തില്‍ താഴെ മാത്രമാണ് ശസ്ത്രക്രിയ നടക്കുന്നത്. ഇത് 12ലേക്ക് ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യമെങ്കിലും സൗകര്യങ്ങള്‍ പരിമിതമാണ്. രണ്ട് സര്ജന്മാരും അവരുടെ സഹായത്തിനായി രണ്ട് ഓപ്പറേഷന് ടെക്നീഷ്യന്മാരുമാണ് ഇവിടെയുള്ളത്. ശസ്ത്രക്രിയാ സമയത്ത് നായ്ക്കളെ ബലംപ്രയോഗിച്ച് പിടിച്ചുകിടത്താനായി അഞ്ച് ആനിമല്‍ ഹാന്ഡേഴ്സുമാ രെ നിയമിച്ചിട്ടുണ്ടെങ്കിലും ഡോഗ് ക്യാച്ചര്‍മാര്‍ ഇല്ലാത്തതിനാല്‍ തെരുവിലിറങ്ങി നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്ന ജോലിയും ഇവര്‍ക്കാണ്.
മുളന്തുരുത്തി, വടവുകോട് എബിസി സെന്ററുകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. കുറഞ്ഞ വേതനം നല്കുന്നതി നാൽ ഡോഗ് ക്യാച്ചര്‍മാര്‍ ജോലി ക്കെത്താൻ തയാറാകുന്നില്ല.
200 രൂപ മാത്രമാണ് ഇവരുടെ ദിവസക്കൂലി. ഇത് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
സെന്ററുകളിലാകട്ടെ ഒരു സര്‍ജനും സഹായിയും മാത്രം. ഈ രണ്ടു സെന്ററുകളിലായി ദിവസം അഞ്ച് ശസ്ത്രക്രിയ പോലും നടക്കുന്നില്ല. വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ മാത്രമേ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയൂ.
അഞ്ച് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന
അഞ്ച് വര്‍ഷം മുന്‍പ് 14,000 തെരുവുനായ്ക്കളായിരുന്നു ജില്ലയിലുണ്ടായിരുന്നതെങ്കില്‍ അടുത്തിടെ നടന്ന സര്‍വേ പ്രകാരം 45,000ത്തിനു മുകളില്‍ തെരുവുനായ്ക്കള്‍ ജില്ലയിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കൊച്ചി കോര്പറേഷന് പരിധിയിലാകട്ടെ 15,000ത്തോളവും.
കോവിഡ് കാലത്ത് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം തേടി നഗരത്തിലേക്ക് എത്തിയ നായകള്‍ പിന്നീട് മടങ്ങിപ്പോയിട്ടില്ല. ഇതാണ് എണ്ണം വര്‍ധിക്കാന്‍ കാരണം.
എബിസി സെന്ററുകളില്ലാതെ നഗരസഭകള്‍
കൊച്ചി: കൊച്ചി കോര്‍പറേഷനെ മാറ്റി നിര്‍ത്തിയാല്‍ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയിലും എബിസി സെന്റര്‍ ഇല്ല. തൃപ്പൂണിത്തുറയില്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.
ദിവസേന അഞ്ച് ശസ്ത്രക്രിയകൾ വരെ നടത്താന്‍ സൗകര്യമുള്ളതാണിത്. മൂവാറ്റുപുഴ, കോതമംഗലം, ആലുവ മുനിസിപ്പാലിറ്റികള്‍ പ്ലാന്‍ ഫണ്ടില്‍ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു മുനിസിപ്പാലിറ്റികളാകട്ടെ അതും ചെയ്തിട്ടില്ല.
‘തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വാക്സിനേറ്റ് ചെയ്യുന്ന കാമ്പയിന് ഓഗസ്റ്റിൽ ആരംഭിക്കും. ഇതിനായി ആറു നായപിടുത്തക്കാരെ കൂടി കരാര്‍ അടിസ്ഥാനത്തില്‍ ഗോവയില്‍നിന്നു കൊണ്ടുവരും. നിലവില്‍ ഈ ജോലി ചെയ്യുന്ന പരിശീലനം ലഭിച്ച അഞ്ച് ഡോഗ് കാച്ചര്മാരുണ്ട്. കൂടുതല്‍ പേര് വരുന്നതോടെ നഗരത്തില്‍ വലിയ പരാതിയായി ഉയരുന്ന തെരുവുനായ പ്രശ്നത്തിന് പരിഹാരമാകും.'
ടി.കെ. അഷറഫ്
ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍
കൊച്ചി കോര്പറേഷന്