സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി
1577928
Tuesday, July 22, 2025 4:00 AM IST
കൂത്താട്ടുകുളം : മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.
2016-17 സാന്പത്തിക വർഷത്തെ പ്ലാൻഫണ്ടിൽ നിന്നും 75 ലക്ഷവും, 2021-22 സാന്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ നിന്നും 35 ലക്ഷവും വിനിയോഗിച്ച് ഒരു കോടി 10 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.
കെട്ടിട നിർമാണ പ്രവൃത്തി 2023-ൽ പൂർത്തീകരിക്കുകയും തുടർന്ന് ഒന്നാം നില ജിംനേഷ്യത്തിനും, രണ്ടാംനില ഫിസിക്കൽ എജ്യുക്കേഷൻ ആവശ്യത്തിനുമായുള്ള സജ്ജീകരണ പ്രവൃത്തികൾ ഇപ്പോൾ പൂർത്തിയാക്കുകയും ചെയ്തു. ഇവ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദ്യാർഥികൾക്ക് കായിക രംഗത്ത് കൂടുതൽ അടിസ്ഥാന സൗകര്യം ലഭ്യമാകും. കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കുമെന്നും എംഎൽഎ അറിയിച്ചു.