തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല
1577626
Monday, July 21, 2025 5:05 AM IST
വാഴക്കുളം: അപകടങ്ങൾ ഒഴിയാതെ തൊടുപുഴ- മൂവാറ്റുപുഴ സംസ്ഥാന പാത. കഴിഞ്ഞ ചൊവ്വാഴ്ച വാഴക്കുളം ടൗണിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ആവോലിയിലെ കേബിൾ ടിവി സ്ഥാപന ഉടമയായ രണ്ടാർ വടക്കേക്കുടിയിൽ റോയി ജോർജാണ് മരിച്ചത്. വാഴക്കുളം ടൗണിൽനിന്ന് നാലു കിലോമീറ്റർ അകലെ വേങ്ങച്ചുവട്ടിൽ ശനിയാഴ്ച രാത്രി ഏഴോടെ വീണ്ടും അപകടമുണ്ടായി.
റോഡു മുറിച്ചു കടന്ന കരിങ്കുന്നം സ്വദേശി ജോസഫിനെയാണ് കാർ ഇടിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇദ്ദേഹവും മരണപ്പെട്ടു. വേങ്ങച്ചുവട് കൂവേലിപ്പടിയിൽ വഴിയോരക്കച്ചവടം നടത്തുന്നയാളാണ് ജോസഫ്.
തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ വാഴക്കുളം ടൗണിലേക്ക് പ്രവേശിക്കുന്നത് അമിത വേഗതയിലാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. വീതി കുറഞ്ഞ വാഴക്കുളം ടൗണിൽ ഇരുവശത്തും വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് മറ്റു വാഹനങ്ങൾ പോകുന്നത്.
വഴിയുടെ വീതിക്കുറവും ഇരുവശത്തുമുള്ള വാഹന പാർക്കിംഗും ടൗണിലുണ്ടാകുന്ന അപകടങ്ങൾക്ക് വഴിതെളിക്കുന്നതായാണ് തൊടുപുഴ, മൂവാറ്റുപുഴ മേഖലയിലെ സംയുക്ത ബസ് തൊഴിലാളി പ്രവർത്തകർ പറയുന്നത്. വാഴക്കുളം ബസ് സ്റ്റാൻഡിലെ ഇരുവശത്തേക്കുമുള്ള ഗതാഗതവും അപകടങ്ങൾക്ക് ഇടയാക്കുന്നതായി ഇവർ ആരോപിക്കുന്നുണ്ട്.
മൂവാറ്റുപുഴ ടൗണിലെ റോഡ് പുനർനിർമാണവും തുടർന്നുള്ള ഗതാഗതക്കുരുക്കും മൂലം ബസുകൾക്ക് സമയബന്ധിതമായി ഓട്ടം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും മൂവാറ്റുപുഴ ടൗണിലെ സമയനഷ്ടം പരിഹരിക്കാൻ മറ്റു സ്ഥലങ്ങളിൽ വേഗത വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നുമാണ് അമിത വേഗത സംബന്ധിച്ച് ബസ് തൊഴിലാളികൾ പറയുന്നത്.
എന്നാൽ റോഡ് നിർമാണം ആരംഭിക്കുന്നതിനു മുമ്പും ബസുകൾക്ക് ടൗണിലെത്തുമ്പോൾ അമിത വേഗത ഉള്ളതായി വാഴക്കുളത്തെ വ്യാപാരികൾ പറഞ്ഞു. ഇതര പ്രദേശങ്ങളിൽ മന്ദഗതിയിൽ പോകുന്ന ബസ് ടൗണിലെത്തുമ്പോൾ സമയനഷ്ടത്തിന്റെ പേരിൽ അമിത വേഗത എടുക്കുകയാണെന്ന പരാതിയാണ് യാത്രക്കാർക്കുള്ളത്.
നാലു കിലോമീറ്ററിനുള്ളിൽ ഒരാഴ്ചക്കുള്ളിലുണ്ടായ രണ്ടു വാഹനാപകട മരണത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.