കച്ചേരിത്താഴത്തെ ചരിത്ര അടയാളം വെട്ടിമാറ്റി
1577627
Monday, July 21, 2025 5:05 AM IST
മൂവാറ്റുപുഴ: ചരിത്രത്തിന്റെ അടയാളമായി കച്ചേരിത്താഴത്ത് അവശേഷിച്ചിരുന്ന കൂറ്റന്‍ ആല്‍മരം വെട്ടിമാറ്റി. മൂവാറ്റുപുഴ നഗരവികസനത്തിന്റെ ഭാഗമായാണ് കച്ചേരിത്താഴം ജംഗ്ഷനില്‍ തലയുയര്‍ത്തി നിന്നിരുന്ന ആല്‍മരം വെട്ടിമാറ്റിയത്. പതിറ്റാണ്ടുകളോളമായി മൂവാറ്റുപുഴ നഗരത്തിലെത്തുന്നവരെ സ്വീകരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം തണലേകി നിന്നിരുന്ന ആല്‍മരം ഞായറാഴ്ച രാവിലെ എട്ടോടെയാണ് ഓര്‍മയായത്.
കച്ചേരിത്താഴത്ത് എത്തുന്നവര്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ഏറെ ആശ്വാസമായിരുന്നു ഈ കൂറ്റന്‍ ആല്‍മരം. നഗരവാസികള്‍ക്ക് ഒട്ടേറെ ഓര്‍മകളും സമ്മാനിച്ചിരുന്നു. മൂവാറ്റുപുഴയുടെ ചരിത്രം പേറി പതിറ്റാണ്ടുകളായി നിന്നിരുന്ന ആല്‍മരം ഇതുവരെയും ഒരപകടം പോലും സൃഷ്ടിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
1956 നവംബര്‍ ഒന്നിനു കേരള പിറവിയോടനുബന്ധിച്ചു കാസര്‍ഗോഡ് നിന്നും പാറശാലയില്‍ നിന്നും പുറപ്പെട്ട ദീപശിഖായാത്രകള് സംഗമിച്ചത് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ആല്‍മരച്ചുവട്ടിലായിരുന്നു.
ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ഇവിടെ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സലാസിയും എത്തിയിരുന്നതായി ചരിത്ര രേഖകളില്‍ കാണാം. മൂവാറ്റുപുഴയുടെ ചരിത്ര അവശേഷിപ്പുകളും പേറി നിന്നിരുന്ന ആല്‍മരമാണ് ഇതോടെ ഓര്‍മയായത്.