പിറവത്ത് അപകട കേന്ദ്രമായി ന്യൂബസാർ മേഖല
1577628
Monday, July 21, 2025 5:05 AM IST
പിറവം: ടൗണിലെ ന്യൂബസാർ ജംഗ്ഷനു സമീപം അപകടങ്ങൾ പതിവാകുന്നു. മൂന്നു റോഡുകൾ കൂടിച്ചേരുന്ന ഇവിടെ രണ്ട് റോഡുകളിൽ നിന്നുള്ള വാഹന യാത്രികർക്ക് പരസ്പരം കാണാൻ സാധിക്കാത്തതാണ് അപകട കാരണം.
നടക്കാവ് ഹൈവേയുടെ ഭാഗമായ റോഡിൽ ഓരോ മണിക്കൂറിലും നൂറുക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ടൗൺ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വാട്ടർ അഥോറിറ്റി റോഡ് വഴി ഹൈവേ റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ഇവിടെ റോഡിൽ മീഡിയനോ മറ്റു സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല.
പഴയ പമ്പ് ഭാഗത്തുനിന്നു വരുന്ന വാഹന യാത്രികർക്കാണ് വാട്ടർ അഥോറിറ്റി റോഡു വഴിയെത്തുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തത്. മിക്ക ദിവസവും ഇവിടെ അപകടങ്ങൾ നടക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ചെറുതും വലുതുമായി 14 അപകടങ്ങളാണുണ്ടായത്. രാത്രി സമയങ്ങളിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഇതിന് പരിഹാരമെന്ന നിലയിൽ റോഡിനു നടുവിൽ ഡിവൈഡറുകൾ സ്ഥാപിക്കുകയും പമ്പ് ഭാഗത്തുനിന്നു വരുന്ന റോഡിൽ ഹമ്പുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.