പുന്നേക്കാട്-തട്ടേക്കാട് റൂട്ടിലെ കാട്ടാനശല്യം; നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം
1578180
Wednesday, July 23, 2025 4:47 AM IST
കോതമംഗലം: കീരന്പാറ പഞ്ചായത്തിലെ പുന്നേക്കാട്- തട്ടേക്കാട് റൂട്ടിൽ കാട്ടാനകൾ ദിവസങ്ങളായി വഴിതടഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. 14 ആദിവാസി കുടികളിലെ അടക്കം ഇരുപത്തിയയ്യായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന കുട്ടന്പുഴ പഞ്ചായത്തിലേക്കുള്ള ഏക പ്രവേശന മാർഗമായ പുന്നേക്കാട് - തട്ടേക്കാട് റോഡിലാണ് ആനകൾ ദിവസങ്ങളായി ഗതാഗത തടസം സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന കാറിന് നേരെ ആനയുടെ ആക്രമണമുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്. പിറ്റേന്ന് അതേ സ്ഥലത്തുവച്ചുതന്നെ ആംബുലൻസിന്റെ പിന്നാലെ ആനകൾ പാഞ്ഞടുത്തെങ്കിലും അപകടത്തിൽപ്പെടാതെ ഡ്രൈവർ വാഹനം രക്ഷപ്പെടുത്തി.
ചുറ്റും ജനവാസമുള്ളതും ആകെ നാല് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ളതുമായ പുന്നേക്കാട് പ്ലാന്റേഷനിൽ ദിവസേന പത്തിൽ കൂടുതൽ ആനകളാണ് മലയാറ്റൂർ റിസർവ് വനത്തിൽനിന്നു ഇറങ്ങിവന്ന് ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.
എൽടി ലൈൻ വലിക്കാത്തതിനാൽ വഴിവിളക്കുകളും ഇല്ല. ഇതിനായി 13 ലക്ഷം അനുവദിച്ചുകിടക്കുകയാണെന്ന് വർഷങ്ങളായി കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. സ്ഥായിയായ പ്രശ്നപരിഹാരത്തിന് ആനയടക്കമുള്ള വന്യമൃഗങ്ങൾ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന മാവിൻചുവട് ഭാഗത്ത് ഇപ്പോൾ തട്ടേക്കാട് പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ഫാ. ജോസ് ചിരപ്പറന്പിൽ, ഫാ. അരുണ്‍ വലിയത്താഴത്ത്, ഫാ. സിബി ഇടപ്പുള്ളവൻ, ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു.