പലിശക്കാരന്റെ ഭീഷണിയിൽ വീട്ടമ്മയുടെ ആത്മഹത്യ : കുടുംബത്തിന് സഹായവുമായി മുകേഷ് ജെയിൻ
1578164
Wednesday, July 23, 2025 4:34 AM IST
ഫോർട്ടുകൊച്ചി: പലിശ കൊടുക്കാൻ വൈകിയതിനെ തുടർന്ന് ബ്ളേഡ് പലിശക്കാരന്റെ നിരന്തര ഭീഷണിയിൽ ഭാര്യ ആത്മഹത്യ ചെയ്യുകയും ഭർത്താവിന്റെയും മകന്റെയും ആത്മഹത്യാശ്രമം പരാജയപ്പെടുകയും ചെയ്ത കുടുംബത്തിന് സഹായവുമായി മട്ടാഞ്ചേരി സ്വദേശി മുകേഷ് ജെയിൻ.
പത്തനംതിട്ടയിലെ കൊടും മൺ വേട്ടക്കാട്ട് കിഴക്കേതിൽ വീട്ടിൽ നീലാംബരനും കുടുംബവുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയത്. നീലാംബരന്റെ ഭാര്യ ലീല ഇന്നലെ മരിച്ചു. അച്ചനും മകനും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പലിശക്കാരനിൽ നിന്ന് അറുപതിനായിരം രൂപ വാങ്ങിയതിന്റെ തിരിച്ചടവ് വൈകിയതിനെ തുടർന്ന് നിരന്തര ഭീഷണിയിൽ മനംനൊന്താണ് മൂന്നു പേരും കൂട്ട ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
നീലാംബരന്റെയും മകൻ ദിലീപിന്റെയും അപകടനിലയിൽ മാറ്റം വന്നിട്ടുണ്ട്. കുടുംബത്തിന്റെ ദയനീയാവസ്ഥ ചാനലിലൂടെ അറിഞ്ഞതിനെ തുടർന്നാണ് കൊച്ചിയിലെ ജീവകാരുണ്യ പ്രവർത്തകനായ മുകേഷ് ജെയിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കടം വീട്ടുന്നതിനായി അറുപതിനായിരം രൂപയും ചികിത്സാ ചെലവിലേക്കായി ഇരുപതിനായിരം രൂപയും നൽകിയത്.
പഞ്ചായത്ത് അംഗം അജി പാലമുറ്റത്തിന്റെ സാന്നിധ്യത്തിലാണ് സഹായത്തുക കൈമാറിയത്. എം.എം.സലീം, കെ.പി.ലോറൻസ് എന്നിവരും സഹായധന കൈമാറ്റ ചടങ്ങിൽ സന്നിഹിതരായിരുന്നു.