അട്ടകടിയെ അവഗണിച്ച കാടുകയറ്റം
1577950
Tuesday, July 22, 2025 4:00 AM IST
സിജോ പൈനാടത്ത്
കൊച്ചി: "നിങ്ങൾ വേണമെങ്കിൽ മടങ്ങിപ്പോയ്ക്കോളൂ.. ഞാൻ മുന്നോട്ടു പോയിട്ടേ മടങ്ങുന്നുള്ളൂ...'. പൂയംകുട്ടി വനത്തിലെ കഠിനപാതകൾ താണ്ടി മലകയറുന്പോൾ, വഴിയുടെ കാഠിന്യമറിഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരോട് വി.എസിന്റെ മറുപടി. കല്ലും മലയും കടന്ന് വനം കൈയേറ്റമുണ്ടെന്ന് ആരോപിക്കപ്പെട്ട വനഭൂമിയിൽ അദ്ദേഹമെത്തി. കണ്ടു ബോധ്യപ്പെട്ടത് ആർജവത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. കേരളം ആവേശത്തോടെ ആ വാക്കുകൾക്കു കാതോർത്തു.
അതായിരുന്നു വിഎസ് അച്യുതാനന്ദൻ. കേട്ടതിൽ സത്യമുണ്ടെന്നു ബോധ്യപ്പെട്ടാൽ അതുറപ്പിക്കാനും മുഖം നോക്കാതെ വിളിച്ചുപറയാനും ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അദ്ദേഹം എത്തും.
2002 മേയ് 11.
അന്നായിരുന്നു വി.എസിന്റെ വിഖ്യാതമായ പൂയംകുട്ടി മലകയറ്റം. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പൂയംകുട്ടി വനമേഖലയിലെ വാരിയം, വെള്ളാരംകുത്ത് പ്രദേശങ്ങളിൽ വനഭൂമി കൈയേറിയെന്ന ആക്ഷേപത്തെത്തുടർന്നാണ് അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അവിടം സന്ദർശിച്ചത്. ആലുവ പാലസിൽ നിന്നു കാറിൽ കുട്ടംപുഴയിലെത്തി, അവിടുന്നു ഫോർവീൽ ഡ്രൈവ് ജീപ്പിലായിരുന്നു കാട്ടിലേക്കുള്ള യാത്ര.
ജീപ്പ് എത്താത്ത സ്ഥലങ്ങളിലേക്കു വി.എസ്. നടന്നുനീങ്ങി. ഒപ്പം പരിസ്ഥിതി, മാധ്യമപ്രവർത്തകരെല്ലാം ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഗൺമാനുമെല്ലാം കാടുകയറി തളർന്നിട്ടും വി.എസ്. വിശ്രമമില്ലാതെ മുന്നോട്ടു തന്നെ നീങ്ങി.
ഇടയ്ക്കു പലവട്ടം അട്ട കടിച്ചു. സോപ്പും പുകയില കഷായവും ഉപയോഗിച്ചു ഗൺമാൻ വിഎസിന്റെ കാലുകളിൽ നിന്ന് അട്ടകളെ എടുത്തു മാറ്റുന്ന ചിത്രം അന്നു മാധ്യമങ്ങളിൽ ശ്രദ്ധനേടി.
എംഎൽഎയായിരുന്ന സാജു പോൾ, മലയാറ്റൂർ ഡിഎഫ്ഒ ആയിരുന്ന നോയൽ തോമസ്, പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം തുടങ്ങിയവർ വി.എസിനൊപ്പം ഉണ്ടായിരുന്നു.
കൈയേറ്റമുണ്ടായിരുന്ന പലയിടത്തും വി.എസ്. എത്താതിരിക്കാൻ വനം വകുപ്പിലെ ചിലർ അന്നു ശ്രമം നടത്തിയെന്ന് ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വാരിയത്തെയും വെള്ളാരംകുത്തിലെയും ആദിവാസിക്കുടികളുടെ മറവിലായിരുന്നു അനധികൃത കൈയേറ്റം നടന്നത്.
വി.എസിന്റെ സന്ദർശനത്തിനു പിന്നാലെ അന്നു വനം മന്ത്രിയായിരുന്ന കെ. സുധാകരൻ സ്ഥലം സന്ദർശിച്ചു. കൈയേറ്റം തടയാൻ ഊർജിത നടപടികൾ സ്വീകരിച്ചതും ചരിത്രം.