മദർ തെരേസ സേവന പുരസ്കാരം 26ന് നൽകും
1577922
Tuesday, July 22, 2025 3:29 AM IST
വരാപ്പുഴ: കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും വിദ്യാർഥികളെ ജാതിമത ചിന്തകൾക്ക് അതീതമായി സാമഹ്യ സേവനത്തിൽ പങ്കാളികളാക്കുന്നതിന് വേണ്ടിയുള്ള ചിറമേലച്ചന്റെ സ്വപ്ന പദ്ധതിയായ മദർ തെരേസ സേവന പുരസ്കാരം (സീസൺ-2) 26ന് രണ്ടിന് കൂനമ്മാവ് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ നടക്കും.
ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രധാനാധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരോടൊപ്പം ചിറമേൽ അച്ചനും ചേർന്നു നടത്തുന്ന സാമൂഹ്യ സേവന വിപ്ലവമാണ് മദർ തെരേസ സേവന പുരസ്കാരം. യുപി, ഹൈസ്കുൾ എന്നീ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ സമയം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്ന രണ്ടു വിദ്യാർഥികളെ തെരഞ്ഞെടുത്ത് അവർക്ക് 5000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ രണ്ടു വിഭാഗങ്ങളിൽനിന്നു ഓരോ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. കൂടാതെ കൽക്കത്തയിലുള്ള മദർ തെരേസയുടെ ആശ്രമത്തിലേക്ക് കുടുംബസമേതം യാത്ര പോകാനുള്ള അവസരം നൽകും. അവാർഡ് ജേതാക്കളെ കോ ഓർഡിനേറ്റ് ചെയ്യുന്ന അധ്യാപകർ, ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങൾ എന്നിവയ്ക്ക് കാഷ് അവാർഡും ഷീൽഡുകളും നൽകും. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് സംഘടകർ പറഞ്ഞു.
2024-25 വർഷത്തെ പരിപാടി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രഥമ കാരുണ്യശീ അവാർഡ് മേഴ്സി കോപ്സ് സന്നദ്ധ സംഘടനയുടെ സ്ഥാപകനും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുമായ കെ.എസ്. സുദർശന് നൽകും. 50000 രൂപയും പ്രശസ്തിപത്രവും ഷീൽഡുമാണ് അവാർഡ്.