പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൂടുതല്‍ പേര് ഇരയായെന്ന് പോലീസ്
1577945
Tuesday, July 22, 2025 4:00 AM IST
കൊച്ചി: ബ്രിട്ടനിലെ കണ്‍സള്‍ട്ടിംഗ് സ്ഥാപനംവഴി പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി കൂടുതല്‍ പേരില്‍ നിന്ന് പണം കൈക്കലാക്കിയിട്ടുണ്ടെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് 2017ലെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ചങ്ങനാശേരി കുറിച്ചി കല്ലുമാടിക്കല്‍ വീട്ടില്‍ ലാക്സണ്‍ എഫ്. അഗസ്റ്റിനെയാണ് (45) എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ ഒമ്പതു പേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വരുമെന്ന നിഗമനത്തിലാണ് പോലീസ് സംഘം.
പനമ്പിള്ളിനഗര്‍ ചാക്കേയത്ത് വീട്ടില്‍ അശ്വിന് പത്രോസ് നല്കിയ പരാതിയില്‍ 2024ല്‍ കേസെടുത്തിരുന്നു. ബ്രിട്ടനില്‍ തന്റെ ഉടമസ്ഥതയിലുള്ള സിയോണ്‍ കണ്‍സള്‍ട്ടിംഗ് ലിമിറ്റഡ് യൂറോപ്പ് ആന്‍ഡ് യുകെ എന്ന സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇതു വിശ്വസിച്ച അശ്വിന് സമൂഹമാധ്യമങ്ങളും സുഹൃത്തുക്കളും വഴി പരസ്യം നല്കി ഒന്‍പതു പേരില്‍നിന്ന് 22 ലക്ഷംരൂപ വാങ്ങി നല്കി. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ നാലു വരെയായിരുന്നു ഇടപാട്. ജോലിയും പണവും കിട്ടാത്തതോടെയാണ് ഇവര്‍ പോലീസില്‍ നല്‍കിയത്.
ഏറ്റുമാനൂരില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയറായിരിക്കെയാണ് ലാക്സണ്‍ രാജിവച്ച് ബ്രിട്ടനിലേക്ക് കുടുംബസമേതം കുടിയേറിയത്. 2017ലെ തെരഞ്ഞെടുപ്പില്‍ വൈതന്ഷാവെസെയില് ഈസ്റ്റില്‍ മത്സരിച്ച് ലേബര്‍പാര്‍ട്ടിയിലെ മൈക്ക് കെയിനോട് പരാജയപ്പെട്ടിരുന്നു. സിയോണ്‍ മേരി ഇന്റര്‍നാഷണല്‍, സി 2 കമ്യൂണിക്കഷേന്സ് സ്ഥാപനങ്ങളുടെ ഡയറക്ടറായിന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ പ്രശ്നമായതോടെ കേരളത്തിലേക്ക് മടങ്ങി. ഓവര്‍സീസ് കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
എഐസിസി അംഗമായിരുന്ന ഇയാള്‍ അടുത്തിടെയാണ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ബിജെപി അംഗത്വം നേടിയതെന്ന് പറയുന്നു. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സ്ത്രീ പീഡനക്കേസിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പുകേസിലും പ്രതിയാണ്.