കച്ചേരിത്താഴത്തെ കാത്തിരിപ്പുകേന്ദ്രം; അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് കത്തു നല്കി
1578187
Wednesday, July 23, 2025 4:59 AM IST
മൂവാറ്റുപുഴ: അപകടാവസ്ഥയിലായ കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം ടൗണ്‍ ലോക്കൽ സെക്രട്ടറിയും നഗരസഭാംഗവുമായ കെ.ജി. അനിൽകുമാർ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയെ താങ്ങി നിർത്തുന്ന ഇരുന്പു പൈപ്പുകൾ തുരുന്പെടുത്ത് നശിച്ച് ഏതു നിമിഷവും താഴേക്കു പതിച്ച് അപകടം സൃഷ്ടിക്കാവുന്ന നിലയിലയിലാണ്.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപികയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 40 ലക്ഷം ചെലവഴിച്ചു നിർമിച്ചതാണ് ബസ് കാത്തുനിൽപ്പ് കേന്ദ്രം. കൂറ്റൻ തൂണുകൾക്കു മുകളിൽ ടെൻസൈൽ ഫാബ്രിക് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തിരിക്കുന്നത്. വിലകൂടിയ ടെൻസൈൽ ഫാബ്രിക് ദീർഘകാലം ഈടു നിൽക്കുമെങ്കിലും ഇവ സ്ഥാപിച്ചിരിക്കുന്ന ഇരുന്പു പൈപ്പുകളിലാണ് തുരുന്പ് വ്യാപിച്ചിരുന്നത്. 2019 ലാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായത്. ഇതിനു ശേഷം ഇന്നു വരെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.
നിലവിൽ നഗര വികസനവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നില്ല. അതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരും എത്തുന്നില്ല. നഗരവികസനം പൂർത്തീകരിച്ചാൽ വാഹന ഗതാഗതം പുനരാരംഭിക്കുന്നതോടെ യാത്രക്കാരും കാത്തിരിപ്പു കേന്ദ്രത്തിലെത്തും.