ആലങ്ങാട് വീണ്ടും മോഷണശ്രമം: പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം
1578170
Wednesday, July 23, 2025 4:34 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും മോഷ്ടാക്കൾ എത്തി. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം. നീറിക്കോട് ഭാഗത്താണു കഴിഞ്ഞദിവസങ്ങളിൽ മോഷ്ടാക്കളെത്തിയത്. കപ്പേളയിലും സമീപത്തെ കടകളിലും പൂട്ട് തകർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.
കുറച്ചു ദിവസം മുൻപു സമീപ പ്രദേശങ്ങളായ ആലുവ, കോട്ടുവള്ളി എന്നീ ഭാഗത്തു നടന്ന മോഷണ ശ്രമങ്ങൾക്കു പിന്നാലെയാണ് നീറിക്കോട് മോഷ്ടാക്കളെത്തിയത്. ആയുധങ്ങളുമായി മോഷ്ടാക്കൾ കറങ്ങി നടക്കാൻ തുടങ്ങിയതോടെ ജനം ഭീതിയിലാണ്. അപരിചിതരായ യുവാക്കൾ സമീപ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു.
അതിനാൽ യുവാക്കളുടെ സംഘമാണു പിന്നില്ലെന്നാണു സംശയം. കുറച്ചു മാസങ്ങൾക്കു മുൻപു വരെ വഴിയരികിൽ നിർത്തിടുന്ന ബൈക്കുകൾ വാഹനങ്ങളുടെ ബാറ്ററികൾ, സൈക്കിളുകൾ എന്നിവ ആലങ്ങാട്- കരുമാലൂർ മേഖലയിൽ നിന്നു മോഷണം പോകുന്നതു സ്ഥിരം സംഭവമായിരുന്നു.
മോഷ്ടാക്കൾ വീണ്ടുമെത്തിയതോടെ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.