കീഴില്ലം കനാൽ ജംഗ്ഷനിൽ ദന്പതികൾ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു
1578155
Wednesday, July 23, 2025 4:13 AM IST
പെരുന്പാവൂർ: എംസി റോഡിൽ ദന്പതികൾ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഭർത്താവ് തത്ക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേറ്റു. ചെങ്ങമനാട് കപ്രശേരി സ്വദേശി മടത്താട്ട് വീട്ടിൽ എം.കെ. മുഹമ്മദ് (67) ആണ് മരിച്ചത്. ഭാര്യ റഷീദ(57)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പെരുന്പാവൂരിന് സമീപം കീഴില്ലം കനാൽ ജംഗ്ഷനിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ഇരുവരെയും പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല.
നാലന്പല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെതുടർന്ന് ഏറെ നേരം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി വാഹനം റോഡിൽനിന്നു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.