ഭാര്യാമാതാവിനേയും ഭാര്യാ സഹോദരിയേയും ചുറ്റികയ്ക്ക് അടിച്ച കേസ്: പ്രതി മൈസൂരിൽ പിടിയിൽ
1577948
Tuesday, July 22, 2025 4:00 AM IST
ആലുവ: വീട്ടിൽ ഓടിളക്കി ഇറങ്ങി ഭാര്യാമാതാവിനെയും ഭാര്യാ സഹോദരിയേയും ചുറ്റികയ്ക്ക് അടിച്ച് വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാക്കമൂല എസ്.ആർ. ഭവനിൽ രാജീവ് (29)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് പുലർച്ചെ മൂന്നിന് ആലുവ ഐഎംഎ ഹാളിന് സമീപം പൈപ്പ് ലൈൻ റോഡിലുള്ള വീട്ടിലാണ് സംഭവം. ഓടിളക്കി കയറിൽ തൂങ്ങി വീടിനകത്ത് കയറി ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
സംഭവ ശേഷം ബംഗളൂരുവിലേക്കുള്ള ട്രെയിനിൽ കയറി പോകുകയായിരുന്നു. പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്നതിനിടെ ഭാര്യയെ വിളിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അന്വേഷണത്തിനൊടുവിൽ മെസൂരിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള അരസിക്കരെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഒന്നര വർഷം മുമ്പ് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് ഇയാൾ വിവാഹം കഴിച്ചത്. ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതായപ്പോൾ ഭാര്യവീട്ടിലേക്ക് മടങ്ങി. ഇതിന് കാരണം ഭാര്യ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോം നഴ്സായ യുവതി സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.
ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്ഐ സുജോ ജോർജ് ആന്റണി, എഎസ്ഐ അബ്ദുൾ ജലീൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷഹിൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.