സമയക്രമ തർക്കം : സിറ്റി ബസുടമകൾ പോലീസ് കസ്റ്റഡിയിൽ
1577940
Tuesday, July 22, 2025 4:00 AM IST
ആലുവ: കൊച്ചി സിറ്റി സ്വകാര്യ ബസുകൾ സമയത്തെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് നടുറോഡിൽ തടഞ്ഞിട്ട് ഭീഷണി. ബസ് ഉടമകൾ ഉൾപ്പെടെ മൂന്ന് പേരെ സംഭവമറിഞ്ഞെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ - ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സി.വി. സൺസ് ബസിന്റെ ഉടമകളായ ശ്രീമൂലനഗരം ചൊവ്വര സ്വദേശി ദീപു (40), സുധീഷ് (35), മാനേജർ ഉണ്ണി (32) എന്നിവരെയാണ് ആലുവ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 7.50ന് ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിലായിരുന്നു സംഭവം. യാത്രക്കാരുമായി ഫോർട്ടുകൊച്ചിയിലേക്ക് പോയ സെവൻസ് ബസിനെ ജീപ്പ് കുറുകെ നിർത്തിയാണ് സി.വി സൺസ് ബസുടമകൾ തടഞ്ഞിട്ടത്.
പോലീസ് എത്തിയതിനാൽ സംഘർഷത്തിലേക്ക് നീങ്ങിയില്ല. ബസ് തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ 15ന് ഇരു ബസുകളും മത്സരിച്ചോടിയതിന് പാലാരിവട്ടം പോലീസ് പിടികൂടി ഇരുബസിനും 750 രൂപ വീതം പിഴയിട്ടിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ രാത്രിയിലെ സംഭവം. സി.വി സൺസിലെ സുധിയെന്ന ജോലിക്കാരനെ ഇന്നലെ പകൽ കാരോത്തുകുഴി കവലയിൽ വച്ച് സെവൻസിലെ തൊഴിലാളികൾ ആക്രമിച്ചെന്നാണ് എതിർവിഭാഗം പറയുന്നത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആരോപണവിധേയരും പറയുന്നു.