വിഎസ് കോതമംഗലത്തിനും മറക്കാനാവാത്ത ഓർമ
1577931
Tuesday, July 22, 2025 4:00 AM IST
കോതമംഗലം: കേരളത്തിൽ ഒട്ടേറെ സമരങ്ങൾക്ക് നെടുനായകത്വം വഹിച്ച വി.എസ്. അച്യുതാനന്ദൻ കോതമംഗലത്തിനും മറക്കാനാവാത്ത ഓർമയായി. ഇടമലയാർ ഡാം നിർമാണ അഴിമതിക്കെതിരെയുള്ള പോരാട്ടം മുതൽ നഴ്സുമാരുടെ സമരം വരെ കോതമംഗലത്തുകാർക്ക് ഓർമിക്കാനേറെയുണ്ട്.
കോതമംഗലത്ത മാർ ബസേലിയോസ് ആശുപത്രിയിൽ നഴ്സുമാർ നടത്തിയ അനിശ്ചിതകാല സമരത്തിന് വി.എസ്. കോതമംഗലത്ത് നേരിട്ടെത്തിയാണ് നഴ്സുമാരെ പിന്തുണ അറിയിച്ചത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നഴ്സുമാരുടെ സമരത്തെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയിൽകൊണ്ടുവരാൻ വിഎസിന്റെ സന്ദർശനം സഹായിക്കുകയും ചെയ്തു. പിന്നീട് സമരം ഒത്തുതീർന്നതും വിഎസ് എത്തിയതോടെയാണ്.
പൂയംകുട്ടിയിൽ വനംകൈയേറ്റം വ്യാപകമായപ്പോഴും വിഎസിന്റെ ഇടപെടലുണ്ടായി. പൂയംകുട്ടിയിൽ കൈയേറ്റ ഭൂമി സന്ദർശിച്ചാണ് വനംകൈയേറ്റക്കാർക്കെതിരെ അദേഹം പ്രതികരിച്ചത്.
കോതംഗലത്ത് ഒട്ടേറെ പൊതുപരിപാടികളിൽ വിഎസ് പങ്കെടുത്തിട്ടുണ്ട്. സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസായ ടി.എം. മീതീയൻ സ്മാരക മന്ദിരം തുറന്നുകൊടുത്തതും വിഎസ് ആയിരുന്നു. ഇപ്പോഴത്തെ എംഎൽഎ ആന്റണി ജോണ് ആദ്യവട്ടം സ്ഥാനാർഥിയായിരിക്കുന്പോൾ വിഎസ് പ്രചാരണത്തിനുമെത്തി. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് കോതമംഗലത്തെ ഒട്ടേറെ നേതാക്കളും പ്രവർത്തകരും അദേഹത്തിനൊപ്പം നിലയുറപ്പിച്ചിരുന്നു.