ആലുവ ഉപജില്ലയിൽ സുരക്ഷാ പ്രശ്നം: പട്ടികയിൽ 40 വിദ്യാലയങ്ങൾ
1577939
Tuesday, July 22, 2025 4:00 AM IST
ആലുവ: ആലുവ വിദ്യാഭ്യാസ ഉപജില്ലയിൽ സുരക്ഷാ പ്രശ്നമുള്ള 40 ഓളം വിദ്യാലയങ്ങളെ കണ്ടെത്തി. പൊളിഞ്ഞ കെട്ടിടമെന്ന് പട്ടികയിൽപ്പെടുത്തിയിട്ടും ടെൻഡർ നടപടികളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന തെങ്ങോട് ഗവ. ഹൈസ്കൂളിന്റെ ഭിത്തി നിർമാണം മുടങ്ങിക്കിടക്കുന്നതാണ് മറ്റൊരു സുരക്ഷാ പ്രശ്നം.
ജില്ലാ കളക്ടർ ഇടപെട്ടാണ് തെങ്ങോടിലെ എസ്റ്റിമേറ്റ് തയാറക്കാൻ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ സ്ഥലത്ത് എത്തി അളവെടുത്ത് പോയതല്ലാതെ ബാക്കി നടപടികൾ ഉണ്ടായിട്ടില്ല. ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വൈദ്യുതി ലൈൻ മാറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
കൊടുങ്ങല്ലൂർ എൽപി സ്കൂളിലും പൊളിച്ചുനീക്കാൻ പഴയ കെട്ടിടമുണ്ട്. കീഴ്മാട് കൂട്ടമശേരി ഹൈസ്കൂളിൽ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകിയെങ്കിലും വിജയിച്ചില്ല. ഇവിടെ കഴിഞ്ഞ മാസം കൂട്ടിയിട്ട പുസ്തകങ്ങൾക്കും ഫയലുകൾക്കും തീപിടിച്ചിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.
റോഡിനോട് പ്രവർത്തിക്കുന്ന 22 വിദ്യാലയങ്ങളിൽ രൂക്ഷമായ തെരുവുനായശല്യം ഉള്ളതായി വിദ്യാലയങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്. വരാപ്പുഴ മണ്ണംതുരുത്ത് സെന്റ് ജോസഫ് എൽപി സ്കൂളിലേക്കുള്ള അയൽവാസിയുടെ മരച്ചില്ലകൾ വെട്ടിമാറ്റാനായി പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്.
ഇലക്ട്രിക്കൽ വയറിംഗ് കാലപ്പഴക്കം വന്ന മൂന്ന് വിദ്യാലയങ്ങൾ ആലുവ ഉപവിദ്യാഭ്യാസ ജില്ലയിലുണ്ട്.
വ്യവസായ മേഖലയായ എടയാർ, ഏലൂർ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ അന്തരീക്ഷ മലിനീകരണം നേരിടേണ്ടി വരുന്നുണ്ട്. അടച്ചുപോയ ബിനാനി സിങ്ക് കമ്പനിയുടെ വേസ്റ്റ് ടാങ്ക് ഭീഷണി നേരിടുന്ന വിദ്യാലയത്തേയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ 13 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.