എം പരിവാഹന്‍ തട്ടിപ്പ്: പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ പോലീസ്
1578160
Wednesday, July 23, 2025 4:13 AM IST
കൊച്ചി: എം പരിവാഹന്‍ ആപ്ലിക്കേഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്.
ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്. ഈ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനും കേസിലെ മറ്റ് ആളുകളുടെ പങ്കടക്കം കണ്ടെത്താനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
തട്ടിപ്പിലൂടെ കൈക്കലാക്കിയിരുന്ന പണം പ്രതികള്‍ ആഢംബര ജീവിതം നയിക്കാൻ ഉപയോഗിച്ചെന്നും ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള സേവിംഗ്സാക്കി മാറ്റിയെന്നുമാണ് കണ്ടെത്തല്‍. തിങ്കാഴ്ച രാത്രി കൊച്ചിയില്‍ എത്തിച്ച ഉത്തര്‍പ്രദേശ് വാരാണസി സ്വദേശികളായ അതുല്‍കുമാര്‍ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസിലെ മുന്നാം പ്രതിയായ 16കാരന് അടുത്ത ദിവസം കൊച്ചി സൈബര്‍ പോലീസിന് മുന്നില്‍ ഹാജരാകും. പ്രായപൂര്‍ത്തിയാകാത്ത ഇയാള്‍ക്ക് ഉടന്‍ കൊച്ചിയില്‍ എത്തണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികളുടെ ഐപി വിലാസവും ഫോണ്‍ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ വാരാണാസിയിലെത്തിച്ചത്. 10 ദിവസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.