മാറാടി മറ്റപ്പാടം - ഗണപതി കടവ് റോഡ് തകർന്ന് തരിപ്പണം
1577932
Tuesday, July 22, 2025 4:00 AM IST
മൂവാറ്റുപുഴ: ദിവസവും നിരവധി ആളുകൾ സഞ്ചരിക്കുന്ന മാറാടി മറ്റപ്പാടം - ഗണപതി കടവ് റോഡ് തകർന്ന് തരിപ്പണമായി. മാറാടി പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളുടെ അതിർത്തിയിലൂടെ കായനാട് വെള്ളിയമ്മാരിയിൽ നിന്ന് തുടങ്ങി മൂവാറ്റുപുഴയാറിലെ ഗണപതി കടവ് വരെയുള്ള റോഡാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.
കടവിന് സമീപം ഒരു കിലോമീറ്ററോളം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. കടവിന് സമീപത്ത് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ സാമഗ്രികളുമായി നിരവധി ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ പോകുന്നതാണ് റോഡ് തകരാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നു. ഈ ഭാഗത്ത് വളവിൽ വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ് കന്പി താഴ്ന്നു കിടക്കുന്നത് അപകട ഭീഷണിയാണ്.
ഇവ മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ അധികൃതരോട് പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടിയായിട്ടില്ല. വൈദ്യുതി ലൈൻ ഉയർത്തുകയും റോഡ് സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.