ബീവറേജ് ഔട്ട്ലെറ്റുകൾ പ്രവർത്തിച്ചു; വിഎസിനോടുള്ള അനാദരവെന്ന് ആക്ഷേപം
1578169
Wednesday, July 23, 2025 4:34 AM IST
ആലുവ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടുള്ള ആദരസൂചകമായി സർക്കാർ ഇന്നലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നിട്ടും ബീവറേജ് ഔട്ട്ലെറ്റ് തുറന്നു പ്രവർത്തിച്ചതിൽ വ്യാപക പ്രതിഷേധം.
ഭക്ഷ്യധാന്യ വിതരണ ശൃംഖലകളായ സപ്ലൈകോ ഔട്ട്ലെറ്റുകൾ, റേഷൻ കടകൾ തുടങ്ങിയവ അടച്ചിട്ടെങ്കിലും ബീവറേജ് ഔട്ട്ലെറ്റ് വഴി മദ്യവില്പന തകൃതിയായി നടന്നു. ആലുവയിലടക്കം ബീവറേജ് ഔട്ട്ലെറ്റുകൾ, പ്രീമിയം ഔട്ട്ലെറ്റുകൾ എല്ലാം തടസമില്ലാതെ പ്രവർത്തിച്ചു.
എല്ലാ സർക്കാർ സേവനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തനരഹിതമാക്കിയ ശേഷം ബീവറേജ് കോർപറേഷനെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
സർക്കാർ മദ്യവില്പന നടത്തിയത് വി.എസിനോടുള്ള അനാദരവാണെന്ന് തൃണമൂൽ കോൺഗ്രസ് എറണാകുളം ജില്ലാ കോ -ഓർഡിനേറ്റർ ഡൊമിനിക് കാവുങ്കൽ ആരോപിച്ചു.