എടവനക്കാട്ടെ കടൽഭിത്തി നിർമാണം; പദ്ധതിക്ക് ഭരണാനുമതിയായില്ല
1577923
Tuesday, July 22, 2025 3:29 AM IST
വൈപ്പിൻ: കടൽക്ഷോഭത്താൽ പൊറുതിമുട്ടുന്ന എടവനക്കാട് തീരത്ത് മൂന്നു മാസങ്ങൾക്കുപ്രഖ്യാപിച്ച ടെട്രാപ്പോഡ് കടൽഭിത്തി നിർമാണ പദ്ധതിക്ക് ഭരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി പ്രതീകാത്മക ടെട്രാപോഡ് സ്ഥാപിക്കൽ സമരം നടത്തി. എടവനക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സമരം സാമൂഹ്യ പ്രവർത്തകൻ ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
ടെട്രാപോഡിനായുള്ള 55 കോടിയുടെ പദ്ധതിയിൽ 35 കോടി ജിഡ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക സർക്കാരും ദുരന്തനിവാരണ അഥോറിറ്റിയുംകൂടി കണ്ടെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ആവാത്തതിനാലാണ് ജനങ്ങൾ വീണ്ടും സമരത്തിനിറങ്ങിയത്.
താൽക്കാലിക സംരക്ഷണത്തിനായുള്ള ജിയോ ബാഗ് നിർമാണം പോലും എടവനക്കാട് പൂർത്തിയായിട്ടില്ല. കടൽക്ഷോഭം രൂക്ഷമായ പഴങ്ങാട് കടപ്പുറം ഒഴിവാക്കി മറ്റു ഭാഗങ്ങളിൽ ജിയോ ബാഗ് നിർമാണം നടക്കുന്നതിൽ ദുരൂഹതയുണ്ടെന്നും സമരസമിതി ആരോപിക്കുന്നു. സമരസമിതി ചെയർമാൻ പി.ബി. സാബു അധ്യക്ഷത വഹിച്ചു.