കോലഞ്ചേരി ടൗണിൽ ജനങ്ങൾക്ക് ഭീഷണിയായി ‘ട്രാൻസ്ഫോർമർ’
1577632
Monday, July 21, 2025 5:12 AM IST
കോലഞ്ചേരി: കോലഞ്ചേരിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് മൂവാറ്റുപുഴ ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ട്രാൻസ്ഫോർമർ ജനങ്ങൾക്ക് ഭീഷണിയാകുന്നു. കോലഞ്ചേരിയിൽനിന്നു മൂവാറ്റുപുഴയ്ക്ക് പോകുന്ന യാത്രക്കാർക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് കമ്പിവേലി പോലുമില്ലാതെ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാർ കടന്നുപോകുന്നത് ഇതിനരികിലൂടെയാണ്. വൈകിട്ട് തട്ടുകട പ്രവർത്തിക്കുന്നതും ഈ ട്രാൻസ്ഫോർമറിന്റെ തൊട്ടടുത്താണ്. അപകടം ഉണ്ടാകുന്നതിന് മുമ്പേ ട്രാൻസ്ഫോമറിനു ചുറ്റും കമ്പിവേലിയോ, മറ്റ് സുരക്ഷിത മാർഗങ്ങളോ സ്ഥാപിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി അധികൃതരോട് ആവശ്യപ്പെട്ടു.