കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ
1577629
Monday, July 21, 2025 5:05 AM IST
കല്ലൂർക്കാട്: വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ കല്ലൂർക്കാട് പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ രംഗത്ത്. മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമുള്ള ആയുർവേദ ആശുപത്രി,
പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ബഡ്സ് സ്കൂൾ തുടങ്ങിയവ പൂർത്തീകരിക്കാനോ പ്രവർത്തനമാരംഭിക്കാനോ സാധിക്കാത്തതിനാലാണ് പ്രതിഷേധിക്കുന്നതെന്ന് പാർലമെന്ററി പാർട്ടി ലീഡർ ജോർജ് ഫ്രാൻസിസ് തെക്കേക്കര, വൈസ് പ്രസിഡന്റ് ജാൻസി ജോമി, സണ്ണി സെബാസ്റ്റ്യൻ, ഡെൽസി ലൂക്കാച്ചൻ എന്നിവർ അറിയിച്ചു.
ഡീൻ കുര്യാക്കോസ് എംപി അനുവദിച്ച 15 ലക്ഷം, ഷിപ്പ് യാർഡ് അനുവദിച്ച സിഎസ്ആർ ഫണ്ട് 30 ലക്ഷം ഉൾപ്പെടെ 45 ലക്ഷം രൂപ കലൂർ ആയുർവേദ ആശുപത്രിക്കായി വകയിരുത്തിയിരുന്നു. പണി പൂർത്തീകരിക്കുന്നതിന് ആവശ്യമായ ബാക്കി തുക തനതു ഫണ്ടിൽ ഉണ്ടായിട്ടും പണി പൂർത്തീകരിച്ചിട്ടില്ല.
പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് കലൂരിൽ 11.50 ലക്ഷം ചെലവിൽ കെട്ടിടം പണി പൂർത്തീകരിച്ച് മെഷീൻ സ്ഥാപിച്ചെങ്കിലും പ്രവർത്തനമാരംഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി. ബഡ്സ് സ്കൂളിന് ആവശ്യമായ സൗകര്യമുണ്ടെങ്കിലും സർക്കാർ നിർദേശമനുസരിച്ചുള്ള മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാത്തതിനാൽ സംഭാവന സ്വീകരിച്ച് പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ ആരോപിച്ചു.