പാലസും വിഎസും; 107 ഇഷ്ട മുറി
1577949
Tuesday, July 22, 2025 4:00 AM IST
ബോബൻ ബി. കിഴക്കേത്തറ
ആലുവ: ആലുവ പാലസിലെ 107-ാം നമ്പർ മുറി വി.എസ്. അച്യുതാനന്ദന്റെ പ്രിയപ്പെട്ട ഇടമായിരുന്നു. കേരള രാഷ്ട്രീയത്തിൽ എന്ന പോലെ വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലും നിർണായക തീരുമാനങ്ങൾക്കു വേദിയായി പലപ്പോഴും പാലസും 107 ഉം. ഡൽഹി കേരള ഹൗസിൽ 204 ആണ് ഇഷ്ടമുറിയെങ്കിൽ ആലുവ പാലസിൽ പ്രധാന പ്രവേശന കവാടത്തോടു ചേർന്ന 107 ആണ് പ്രിയപ്പെട്ട മുറി.
പാർട്ടിയിൽ തർക്കങ്ങളോ വിവാദങ്ങളോ ഉണ്ടാകുമ്പോൾ വി.എസ് ആലുവയിൽ പാഞ്ഞെത്താറുണ്ട്. ഒരിക്കൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി വന്നപ്പോൾ 107 വിഐപി മുറിയിൽ വി.എസ്. ആണെന്നറിഞ്ഞപ്പോൾ സ്വയം മുകളിലെ മുറിയിലേക്ക് പോയി. വി.എസിന്റെ നിരവധി പത്രസമ്മേളനങ്ങൾക്കും പാലസ് വേദിയായിട്ടുണ്ട്. ഒരിക്കൽ 107 ൽ വി.എസ്. വിശ്രമിക്കവെ, വാതിൽ അടയാതിരുന്നതും വാർത്തയായി. അറ്റകുറ്റപ്പണി നടത്താനായി നിർദേശിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് മറന്നു പോയതാണ് വിനയായത്.
പപ്പായ നട്ട് പാലസ് ജീവനക്കാർ
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പതിവായി ആലുവ കൊട്ടാരം സന്ദർശിക്കുമായിരുന്നു. വി.എസിന് വേണ്ടി ഇഷ്ട വിഭവമായ പപ്പായ കൊട്ടാരവളപ്പിൽ കൃഷി ചെയ്തിരുന്നു.
പപ്പായ വച്ച് തോരനും പഴുത്ത പപ്പായയും വി.എസിന് പ്രിയപ്പെട്ടതായിരുന്നു. തുറന്നിട്ട ജാലകങ്ങളിലൂടെ പെരിയാറിന്റെ മനോഹാരിത ആസ്വദിച്ച് പഴുത്ത പപ്പായ കഴിക്കുന്നത് ഒരു ശീലമായിരുന്നു.
പാലസിലെ വിശാലമായ വളപ്പിൽ ലുങ്കിയും ബനിയനും ധരിച്ചുള്ള പ്രഭാത നടത്തം മറ്റൊരു കൗതുകമായിരുന്നു. വലതും ഇടതും രണ്ടു പേരുമായി വി.എസിന്റെ നടത്തം ജീവനക്കാരുടെ മനസിൽ ഇപ്പോഴുമുണ്ട്. ഒരിക്കൽ പാമ്പിനെ കണ്ടതും വാർത്തയായിരുന്നു.
നിർണായക തീരുമാനങ്ങൾ
വനമേഖലകളിലെ സംഘടിത കൈയേറ്റം തടയാനായി മല കയറുകയെന്ന 2002 ലെ വിപ്ലവകരമായ മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ തീരുമാനം ആലുവ പാലസിലാണ് എടുത്തത്. ഉദ്യോഗസ്ഥരായ ഋഷിരാജ് സിംഗ്, സുരേഷ് കുമാർ എന്നിവരുമായി അടച്ചിട്ട മുറിയിലെ ചർച്ച അന്ന് ഇടതു മുന്നണിയിലെ നേതാക്കളും വിമർശിച്ചിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ അണക്കെട്ടുകളിലെ ചെളിമണ്ണ് ഒഴുക്കിക്കളഞ്ഞപ്പോൾ പെരിയാർ ചെളിയായി ഒഴുകിയതിനും വി.എസ് മുഖ്യമന്ത്രിയായിരിക്കെ സാക്ഷിയായിട്ടുണ്ട്. അന്ന് പാലസിന്റെ കടവിൽ നിന്ന് പുഴയിലേക്ക് നോക്കി നിന്ന് നിശബ്ദനായി മടങ്ങി.
2018ലെ മഹാപ്രളയത്തിൽ മുങ്ങിയതോടെ പഴയ കൊട്ടാരം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കുറച്ചു നാൾ മുകളിലെ ഹാൾ മനുഷ്യവകാശ കമ്മീഷന്റെ സിറ്റിംഗിന് നൽകിയിരുന്നു.