ആലുവയിലെ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം
1578154
Wednesday, July 23, 2025 4:13 AM IST
അഗ്നിരക്ഷാസേനാംഗത്തിന് പൊള്ളലേറ്റു
മൂന്ന് കോടിയുടെ നഷ്ടം
ആലുവ: പ്ലൈവുഡ് കമ്പനിയിലെ അഗ്നിബാധ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാസേനാംഗത്തിന് പൊള്ളലേറ്റു. ആലുവ അഗ്നിരക്ഷാ യൂണിറ്റ് അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി (48)യുടെ ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്. ലൈജു തമ്പിയെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാരം മൂടികിടന്ന തീക്കനലിൽ അറിയാതെ ചവിട്ടിയപ്പോഴാണ് പൊള്ളലേറ്റത്. ആലുവ നാലാംമൈൽ വ്യവസായ മേഖലയിൽ പെരിയാർവാലി കനാൽ റോഡിൽ പ്രവർത്തിക്കുന്ന സഫാ പ്ലൈവുഡ് കമ്പനിയിലെ പ്ലൈവുഡിനാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ തീപിടിച്ചത്. തൊഴിലാളികൾക്ക് പരിക്കില്ല.
ബോയിലറിൽ നിന്നും ഡ്രയറിലെ ഉണക്കാൻ വച്ച പ്ലൈവുഡിലേക്ക് തീ പടരുകയായിരുന്നു. ജോലി ചെയ്യുകയായിരുന്ന അതിഥി തൊഴിലാളികളാണ് ആലുവ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. 10,000 ഉം 5,000 ഉം ചതുരശ്രയടി വിസ്തൃതിയുള്ള രണ്ട് കെട്ടിടങ്ങളിലാണ് തീപിടിച്ചത്. ചെറിയ കെട്ടിടത്തിലെ പ്ലൈവുഡുകൾ, വയറിംഗ് പാനൽ, സോളാർ പാനലുകൾ എന്നിവയും മുഴുവനായി കത്തിപ്പോയി. വലിയ കെട്ടിടം ഭാഗികമായും അഗ്നിക്കിരയായി.
തമ്മനം ചക്കരപ്പറമ്പ് സ്വദേശി അബ്ദുൾ ഖാദറാണ് ഉടമ. ഏകദേശം 2.95 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ഉടമ പറയുന്നത്. ആലുവ, ഗാന്ധിനഗർ, ഏലൂർ, പട്ടിമറ്റം, പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീയണച്ചത്.
ആലുവ സ്റ്റേഷൻ ഓഫീസർ ഡെൽവിൻ ഡേവിസ്, അസി. സ്റ്റേഷൻ ഓഫീസർ എയ്ഞ്ചൽസ്, അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ അണക്കൽ പ്രവർത്തനങ്ങൾ.