ഓണ സമ്മാനമായി തേവരയിൽ ജിസിഡിഎയുടെ ഫുഡ്കോര്‍ട്ട്
1578166
Wednesday, July 23, 2025 4:34 AM IST
കൊച്ചി: ഭക്ഷണ പ്രിയര്‍ക്ക് ഓണ സമ്മാനമായി ജിസിഡിഎയുടെ ഫുഡ്കോര്‍ട്ട് തേവര കസ്തൂര്‍ബ നഗറില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കടമുറികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഓണത്തോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജിസിഡിഎ അധികൃതര്‍ അറിയിച്ചു.
ആകെയുള്ള 20 കടമുറികള്‍ക്കായി മൂന്നിരട്ടിയോളം പേരാണ് താത്പര്യമറിയിച്ചിട്ടുള്ളത്.
എന്നാല്‍ സംവരണ വിഭാഗക്കാര്‍ക്കായി മാറ്റിവച്ച കടമുറികള്‍ക്കായി ജിസിഡിഎ വീണ്ടും താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 20 കടമുറികളില്‍ എട്ട് എണ്ണം ജനറല്‍ വിഭാഗത്തിനാണ്. ആറെണ്ണം വനിതകള്‍ക്കും പട്ടികജാതി വിഭാഗത്തിന് രണ്ടും പട്ടിക വര്‍ഗം, സമൃദ്ധി അറ്റ് കൊച്ചി, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ഓരോ കടമുറികളുമാണ് സംവരണം ചെയ്തിട്ടുള്ളത്. ജനറല്‍ വിഭാഗത്തിലാണ് അപേക്ഷകര്‍ ഏറെയും.
സമൃദ്ധി അറ്റ് കൊച്ചിക്കായുള്ള ഒരു കടമുറി വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വനിതാ സംവരണത്തില്‍ നിന്ന് ഒരു കടമുറി ജനറല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിനെ കുറിച്ചും ജിസിഡിഎ ആലോചിക്കുന്നുണ്ട്. അതേസമയം പട്ടിക വര്‍ഗം, ഭിന്നശേഷി വിഭാഗം, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷകളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കായി വീണ്ടും താത്പര്യം പത്രം ക്ഷണിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 130 ചതുരശ്ര അടി, 60 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഓരോ കടകളും. വിശാലമായ ഡൈനിംഗ് ഏരിയ, വാഷ് ഏരിയ, ശുചിമുറികള്‍, 5000 ചതുരശ്ര അടി വിസ്തീർണമുള്ള പാര്‍ക്കിംഗ് സൗകര്യം, സുരക്ഷാ ക്രമീകരണങ്ങള്‍, പൂര്‍ണ ശുചിത്വത്തിനും മാലിന്യസംസ്കരണത്തിനുമുള്ള സംവിധാനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
വൈദ്യുതി, വെള്ളം, മാലിന്യ സംസ്കരണം എന്നിവയ്ക്കുള്ള ചാര്‍ജ് വാടകയ്ക്ക് പുറമേ ഓരോ കട ഉടമകളില്‍ നിന്നും ഈടാക്കും. മൂന്നു വര്‍ഷത്തേക്കാണ് നടത്തിപ്പ് കരാര്‍.
കേരളീയ വിഭവങ്ങള്‍, ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ്, അന്താരാഷ്ട്ര ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, ഡെസര്‍ട്ടുകള്‍, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഫുഡ്സ്ട്രീറ്റിലുണ്ടാകും. പ്രവര്‍ത്തന സമയം വൈകുന്നേരം ആരംഭിച്ച് രാത്രി വൈകി അവസാനിക്കും വിധമാണ് ക്രമീകരിക്കുക.