ഫ്ലാറ്റുകൾ പണയത്തിനു നൽകി തട്ടിപ്പ്; സംഘത്തിലെ യുവതി പിടിയിൽ
1577943
Tuesday, July 22, 2025 4:00 AM IST
കാക്കനാട്: ഉടമകളിൽനിന്നു വാടകയ്ക്ക് എടുക്കുന്ന ഫ്ളാറ്റുകൾ അവരറിയാതെ പണയത്തിനു നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ മലബാർ സർവീസ് അപ്പാർട്ട്മെന്റ് എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളായ സാന്ദ്രയെ (24) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. ആറു ലക്ഷം മുതൽ എട്ട് ലക്ഷം രൂപവരെ വാങ്ങിയ ശേഷം ഇവർക്ക് ഫ്ലാറ്റുകൾ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ഥാപന നടത്തിപ്പുകാരനായ മിന്റു കെ. മാണിഎന്നയാളും ഇടനിലക്കാരും ചേർന്നാണ് ഇരകളെ കണ്ടെത്തി തട്ടിപ്പിനിരയാക്കിയിരുന്നതെന്നു മനസിലാക്കിയ അന്വേഷണ സംഘം കേസിലെ പ്രധാനപ്രതി മിന്റു കെ. മാണിയെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കമ്പനിയുടമകളിൽ ആശ എന്ന യുവതി ഇപ്പോഴും ഒളിവിലാണ്.
ആശയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.