നാലുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
1578182
Wednesday, July 23, 2025 4:47 AM IST
കോതമംഗലം: കറുകടം മാവിൻചോട് ഭാഗത്ത് നാലുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നാലുപേരെ ആക്രമിച്ച തെരുവുനായയ്ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രി നഗരസഭ അധികൃതർ നായയെ പിടികൂടി നിരീഷണത്തിൽ വച്ചിരുന്നു. ഞായറാഴ്ച നായ ചാകുകയും ചെയ്തു. മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയേറ്റിരുന്നതായി കണ്ടെത്തിയത്. ഇതേതുടർന്ന് പ്രദേശം ജാഗ്രതയിലാണ്.
നായയുടെ കടിയേറ്റ ഏഴാം ക്ലാസുകാരനും മറ്റു മൂന്നുപേരും വാക്സിൻ എടുക്കുന്നുണ്ട്. മറ്റു തെരുവുനായ്ക്കൾക്കും കടിയേറ്റിരിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പരിസര പ്രദേശങ്ങളിലെ തെരുവുനായ്ക്കളെ കണ്ടെത്തി നിരീഷണത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭാംഗം പ്രവീണ ഹരീഷ് പറഞ്ഞു.
വളർത്തുമൃഗങ്ങളേയും നിരീഷിക്കുന്നുണ്ട്. കടിയേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭാംഗം അറിയിച്ചു.